സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം ; പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ, പതാക ഉയർത്തുന്ന ചുവപ്പുകോട്ടയിൽ ഒരുക്കങ്ങൾ പൂർണം; സുരക്ഷാ ക്രമീകരണങ്ങളും ശക്തം.

നാളെ 77-ാമത് സ്വാതന്ത്ര്യ ദിനം. ന്യൂ ഡൽഹിയിലെ ചുവപ്പ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഘോഷ പരിപാടികള്‍ക്ക്  നേതൃത്വം നല്‍കും. ദേശീയ പതാക ഉയർത്തിയ ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും. തുടർന്ന് ഗാർഡ് ഓഫ് ഓണർ പരിശോധിക്കും. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന നഗരങ്ങളിലെല്ലാം നിരീക്ഷണം ഏർപ്പെടുത്തി.

77-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള 1,800 ഓളം പേരെ പ്രത്യേക അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ, ജനപങ്കാളിത്തം അഥവാ  'ജൻ ഭാഗിദാരി' എന്ന  കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പരിപാടി. പ്രധാനമന്ത്രി കൗശൽ വികാസ് യോജന, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതികളില്‍ നിന്നായി 50 പേർ വീതവും, കേന്ദ്ര വിസ്ത പദ്ധതിയുടെ ഭാഗമായ 50 നിര്‍മാണ തൊഴിലാളികളും പങ്കെടുക്കും. ഓരോ സംസ്ഥാനത്ത് നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള എഴുപത്തിയഞ്ച് ദമ്പതികള്‍ പരമ്പരാഗത വേഷവിധാനത്തില്‍ ചടങ്ങിന് സാക്ഷ്യം വഹിക്കും. പുതിയ ആശയങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ടാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം. രാജ്യത്തുടനീളമുള്ള 1,100 എൻസിസി കേഡറ്റുകൾ  പങ്കെടുക്കും.

 ആഘോഷങ്ങളുടെ ഭാഗമായി  ഈ മാസം  20 വരെ MyGov പോർട്ടലിൽ ഓൺലൈൻ സെൽഫി മത്സരം നടത്തും. ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തോടെ രണ്ടുവർഷം നീണ്ട ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾക്ക് സമാപനമാകും.  2021 മാർച്ച് 12-ന് അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആസാദി കാ അമൃത് മഹോത്സവ് ആരംഭിച്ചത്.

Post a Comment

Previous Post Next Post