മാനന്തവാടി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തിയ ആദ്യ മലയാളി വനിതാ താരം മിന്നു മണിക്ക് ആദരവുമായി ജന്മനാട്. വയനാട് മാനന്തവാടി-മൈസൂരു റോഡ് ജംഗ്ഷന് മിന്നുമണി ജംഗ്ഷന്‍ എന്ന് പേര് മാറ്റിയിരിക്കുകയാണ് നഗരസഭ. മാനന്തവാടി നഗരസഭ സ്ഥാപിച്ച ബോര്‍ഡിന്റെ ചിത്രം മിന്നുവിന്റെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് സോഷ്യല്‍ മീഡയയില്‍ പങ്കുവെച്ചിട്ടുണ്ട്.
മൈസൂരു റോഡ് കവലയ്ക്ക് ജന്മനാടിന്റെ ആദരമായി മിന്നുമണിയുടെ പേരിടാന്‍ ദിവസങ്ങള്‍ക്കുമുമ്പ് ചേര്‍ന്ന മാനന്തവാടി നഗരസഭായോഗം തീരുമാനിച്ചിരുന്നു. ക്രിക്കറ്റില്‍ പുതുചരിത്രമെഴുതിയാണ് ഓള്‍ റൗണ്ടര്‍ താരമായ മിന്നുമണി ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയണിഞ്ഞത്. ഇക്കഴിഞ്ഞ ശനിയാഴ്ച പൗരാവലി നല്‍കിയ സ്വീകരണത്തിനു ശേഷമാണ് നാമകരണം നടത്തിയത്. മിന്നുമണി, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ. രത്‌നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി എന്നിവര്‍ ചേര്‍ന്ന് പേര് അനാച്ഛാദനംചെയ്തു.
മിന്നുമണിക്ക് മാനന്തവാടി പൗരാവലി നൽകിയ സ്വീകരണത്തിൽ ഒ.ആർ. കേളു എം.എൽ.എ. ഉപഹാരം കൈമാറുന്നു
ഇതിനു പിന്നാലെ താരത്തിന് ജന്മനാടായ മാനന്തവാടിയില്‍ സ്വീകരണം നല്‍കി. മാനന്തവാടി നഗരസഭയും പൗരാവലിയും ചേര്‍ന്നാണ് സ്വീകരണമൊരുക്കിയത്. മാനന്തവാടി നഗരസഭാ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് മിന്നുമണിയെ സ്വീകരണവേദിയായ അമ്പുകുത്തി സെയ്ന്റ് തോമസ് ഹാളിലേക്ക് തുറന്ന വാഹനത്തില്‍ ആനയിച്ചു.
അനുമോദനസമ്മേളനം ഒ.ആര്‍. കേളു എം.എല്‍.എ. ഉദ്ഘാടനംചെയ്തു. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ. രത്‌നവല്ലി അധ്യക്ഷത വഹിച്ചു. അവര്‍ മിന്നുമണിയെ പൊന്നാടയണിയിച്ചു.
Post a Comment