പുത്തൻ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിലൂടെ വലിയ മാറ്റങ്ങൾ ദൃശ്യമാവും - മന്ത്രി അഹമ്മദ് ദേവർകോവിൽ.

പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കപ്പെടുന്നതോടെ പ്രൈമറി തലത്തിൽ ഉൾപ്പടെ വലിയ മാറ്റങ്ങൾ ദൃശ്യമാവുമെന്ന് 
തുറമുഖം- മ്യൂസിയം - പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. തിരുവണ്ണൂർ ജി.യു.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെയും ഹൈടെക് ലൈബ്രറിയുടെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. സുസ്ഥിര വികസനത്തിന്റെ മാനദണ്ഡങ്ങളെടുത്താൽ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 99 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ചത്. അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് ഹൈടെക് ലൈബ്രറിയുടെ നിർമ്മാണം നടത്തിയത്. 

ഡെപ്യൂട്ടി മേയർ സി.പി  മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉമൈബ കെ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കോർപറേഷൻ നികുതി അപ്പീൽകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ നാസർ മുഖ്യപ്രഭാഷണം നടത്തി.

വാർഡ് കൗൺസിലർ നിർമല കെ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം ജയകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് കെ.പി പ്രദീപ്‌, ജനപ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. പ്രധാനധ്യാപിക ലാലി ജോസഫ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ മണിപ്രസാദ് എൻ. എം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post