വാണിജ്യ വിക്ഷേപണത്തില്‍ ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ. ഒറ്റ ദൗത്യത്തില്‍ ഭ്രമണപഥത്തിലെത്തിലെത്തിച്ചത് 36 ഉപഗ്രഹങ്ങള്‍.

വാണിജ്യ വിക്ഷേപണത്തില്‍ ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ. 36 ഉപഗ്രഹങ്ങളാണ് ഒറ്റ ദൗത്യത്തില്‍  ഭ്രമണപഥത്തിലെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് അര്‍ധരാത്രി പിന്നിട്ട് 12.07 നായിരുന്നു 43.5 മീറ്റര്‍ ഉയരമുളള റോക്കറ്റ് വിക്ഷേപണ ദൗത്യവുമായി കുതിച്ചുയര്‍ന്നത്.  ലോഞ്ച് വെഹിക്കിള്‍ മാര്‍ക്-3 ഉപയോഗിച്ചുള്ള ഐ.എസ്.ആർ.ഒ യുടെ ആദ്യ വാണിജ്യ വിക്ഷേപണമായിരുന്നു ഇത്. 5,796 കിലോ പേലോഡ് വഹിച്ച ആദ്യ ഇന്ത്യന്‍ റോക്കറ്റ് ദൗത്യം എന്ന പ്രത്യേകതയും വിക്ഷേപണത്തിനുണ്ട്. 

ബ്രിട്ടിഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബ് കമ്പനിയുടെ 36 ഉപഗ്രഹങ്ങളാണ് വിജയകരമായ  
ദൗത്യത്തിലൂടെ വിക്ഷേപിച്ചത്. ഉപഗ്രഹങ്ങളില്‍ നിന്നു നേരിട്ട് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിയാണ് വണ്‍വെബ്. ബഹിരാകാശ വകുപ്പിന്റെ കീഴില്‍ കേന്ദ്ര 
പൊതുമേഖലാ സ്ഥാപനമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ കരാറാണ് വണ്‍വെബുമായുള്ളത്.

നാലു മാസങ്ങള്‍ക്കുള്ളിലാണ് സങ്കീര്‍ണ്ണമായ ദൗത്യം പൂര്‍ത്തിയാക്കിയതെന്ന് ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡി.രാധാകൃഷ്ണന്‍ പറഞ്ഞു. കരാറിന്റെ ഭാഗമായി 2023 ജനുവരിയില്‍ 36 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും. അടുത്ത ചന്ദ്രയാന്‍ ദൗത്യവും 2023-ല്‍ നടക്കുമെന്ന് ഐ.എസ.്ആര്‍.ഒ ചെയര്‍മാന്‍ സോമനാഥ് ശ്രീഹരിക്കോട്ടയില്‍ നടന്ന വിക്ഷേപണത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.


Post a Comment

Previous Post Next Post