ശത്രുവിന്റെ ടാങ്കുകളെ നിഷ്പ്രയാസം തകർക്കും; ഹെലിന മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ.


 ഇന്ത്യ വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ ഹെലിനയുടെ പരീക്ഷണം വിജയകരം. ധ്രുവ് ഹെലികോപ്റ്ററിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. ഏഴ് കിലോമീറ്ററോളം ഉയരത്തിൽ നിന്ന് തൊടുത്താലും ലക്ഷ്യം കൃത്യമായി ഭേദിക്കുമെന്നതാണ് ഹെലിനയുടെ സവിശേഷത. രാജസ്ഥാനിലെ പൊക്രാൻ ഫയറിങ് റെയ്ഞ്ചിൽ നിന്നാണ് പരീക്ഷണം നടത്തിയത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 

ഇൻഫ്രാറെഡ് ഇമേജിങ് സിസ്റ്റം വഴിയാണ് മിസൈലിന്റെ നിയന്ത്രണം. ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ), വ്യോമസേന, കരസേന എന്നിവർ സംയുക്തമായാണ് പരീക്ഷണം നടത്തിയത്. പകൽ, രാത്രി വ്യത്യാസമില്ലാതെ ഈ മിസൈൽ പ്രയോഗിക്കാൻ കഴിയും. പ്രാദേശികമായി ആയുധങ്ങൾ വികസിപ്പിക്കാനുള്ള രാജ്യത്തിന്റെ ശേഷിയുടെ നിർണായകമായ കാൽവയ്പ്പായാണ് പ്രതിരോധ മന്ത്രാലയം ഇതിനെ വിശേഷിപ്പിക്കുന്നത്.

ആയുധ നിർമാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ച് വർഷംകൊണ്ട് ഇറക്കുമതി അവസാനിപ്പിക്കാനുദ്ദേശിക്കുന്ന 101 ആയുധങ്ങളുടെ പട്ടിക ഇന്ത്യ കഴിഞ്ഞയാഴ്ച
പുറത്തിറക്കിയിരുന്നു. ഹെലികോപ്റ്ററിൽ നിന്ന് തൊടുക്കാവുന്ന മിസൈലുകളുടെ ഇറക്കുമതി ഇന്ത്യ 2021 ഡിസംബർ മുതൽ നിർത്തിയിരിക്കുകയാണ്.

Post a Comment

Previous Post Next Post