കെ റെയില്‍ സാമൂഹികാഘാത സര്‍വേ നടത്താനെന്ന പേരില്‍ കല്ല് സ്ഥാപിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ഇന്നും സംസ്ഥാനത്ത് പ്രതിഷേധമുണ്ട്.
ഇന്നലെ ജനം സംഘടിച്ചെത്തി സംഘര്‍ഷാവസ്ഥ ഉണ്ടായതോടെ കോഴിക്കോട് ജില്ലയില്‍ ഇന്ന് കല്ലിടല്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇന്ന് കോഴിക്കോട് ജില്ലയില്‍ സര്‍വേ നടപടികള്‍ മാത്രമാണ് ഉദ്ദേശിക്കുന്നത്. കോട്ടയം ജില്ലയിൽ പെരുമ്പായിക്കോട് വില്ലേജിലെ കുഴിയാലിപ്പടിയില്‍ കെ റെയില്‍ കല്ലിടാന്‍ അതിരാവിലെ തന്നെ ഉദ്യോഗസ്ഥരെത്തി. ഇതറിഞ്ഞ് നാട്ടുകാരും സംഘടിച്ചെത്തി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. റോഡിന്റെ രണ്ട് വശവും പൊലീസ് തടഞ്ഞു.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. കെ റെയില്‍ അളവെടുക്കുന്ന തൊഴിലാളികളെ തടയാനെത്തിയ നാട്ടുകാരെ പൊലീസ് തടഞ്ഞു. ഡിവൈഎസ്‌പി എജെ തോമസിന്റെ നേതൃത്വത്തിലാണ് പൊലീസ് സന്നാഹം സ്ഥലത്തെത്തിയത്. കെ റെയില്‍ ഉദ്യോഗസ്ഥര്‍ ഇവിടെ കല്ലിടല്‍ നടപടി തുടങ്ങി. ഇതോടെ നാട്ടുകാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
Post a Comment