തിരുവനന്തപുരത്തെ മലിനജല സംസ്‌കരണ പ്ലാന്‍റ് സന്ദര്‍ശിച്ച് കോഴിക്കോട് കോർപറേ ഷൻ മേയർ എം.ബീന ഫിലിപ്പും സംഘവും. കോതിയിലും ആവിക്കല്‍തോടിലും തുടങ്ങാനിരിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്‍റുകള്‍ക്കെതിരെ എതിര്‍പ്പ് ശക്തമായതോടെ പ്രദേശവാസികളും കൗണ്‍സിലര്‍മാരുമായും ചേർന്നാണ് മലിനജല സംസ്‌കരണ പ്ലാന്‍റ് സന്ദർശിച്ചത് , അമൃത് പദ്ധതിയില്‍ കേരള വാട്ടര്‍ അതോറിറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിര്‍മിച്ച മലിനജല സംസ്കരണ പ്ലാന്‍റാണ് സംഘം സന്ദര്‍ശിച്ചത്.
കോഴിക്കോട്ട് പ്ലാന്റ് നിര്‍മിക്കുന്ന പ്രദേശത്തുള്ളവരും ഭരണപക്ഷ കൗണ്‍സിലര്‍മാരും കോര്‍പറേഷന്‍ സെക്രട്ടറിയുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും 40 അംഗ സംഘത്തിലുണ്ടായിരുന്നു. സംസ്‌കരണ പ്ലാന്‍റും പ്രവര്‍ത്തനവും ഇവര്‍ക്ക് കാണിച്ചുകൊടുത്തു. മേയറുടെയും കോര്‍പറേഷന്‍ സെക്രട്ടറിയുടെയും നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും നാട്ടുകാരുമുള്‍പ്പെടുന്ന നാല്‍പതംഗ സംഘമാണ് തിരുവനന്തപുരം സന്ദര്‍ശിച്ചത്. പ്ലാന്‍റിന്റെ പ്രവര്‍ത്തനവും ശുദ്ധീകരണത്തിന്റെ ഓരോ ഘട്ടവും വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അജീഷ് കുമാര്‍ വിശദീകരിച്ചു.
അമൃത് പദ്ധതിപ്രകാരം 14 കോടി രൂപ ചെലവഴിച്ചാണ് തിരുവനന്തപുരത്തെ പ്ലാന്‍റ് നിര്‍മിച്ചത്. 10 വര്‍ഷത്തെ അറ്റകുറ്റപ്പണിയും നിര്‍മാണക്കമ്ബനി നടത്തും. അഞ്ച് ദശലക്ഷം ലിറ്റര്‍ വെള്ളം പ്രതിദിനം ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്.
ശുദ്ധീകരിച്ചെടുക്കുന്ന വെള്ളം മെഡിക്കല്‍ കോളജിലെ ചില്ലര്‍, ഫ്ലഷിങ് ആവശ്യങ്ങള്‍ക്കും ചെടികള്‍ നനക്കാനും ഉപയോഗിക്കുന്നുണ്ട്. പ്ലാന്‍റ് വന്നതോടെ ദുര്‍ഗന്ധവും കൊതുകുശല്യവും കുറഞ്ഞതായി പരിസരവാസികള്‍ അവകാശപ്പെട്ടു. കോതിയില്‍ ആറ് ദശലക്ഷം ലിറ്ററും ആവിക്കല്‍ തോട് എഴു ദശലക്ഷം ലിറ്ററും ശേഷിയുള്ള പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരും പ്രതിപക്ഷവുമടക്കം സമരത്തിലാണ്. മലിനജലം കൊണ്ട് പൊറുതിമുട്ടുന്ന ആവിക്കല്‍ തോട്, കോതി ഉള്‍പ്പെടെയുള്ള നഗരത്തിലെ തീരപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ പദ്ധതിയാണ് കോര്‍പറേഷന്‍ ആവിഷ്‌കരിച്ചതെന്ന് മേയര്‍ ഡോ. ബീന ഫിലിപ് പറഞ്ഞു.
മലിനജലം ദുരിതംവിതയ്ക്കുന്ന നഗരത്തിലെ മറ്റ് സ്ഥലങ്ങളിലും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാനാവും. എന്നാല്‍, തെറ്റായ പ്രചാരണങ്ങള്‍ നടത്തി ചിലര്‍ അനാവശ്യവിവാദം സൃഷ്ടിക്കുന്നു. അനുവദിച്ച ആദ്യ പദ്ധതി തന്നെ നടപ്പാക്കാനായില്ലെങ്കില്‍ അമൃത് പദ്ധതിയില്‍ കോര്‍പറേഷന് മേലില്‍ ഇടം ലഭിക്കാതെ വരുമെന്നും മേയര്‍ പറഞ്ഞു.
Post a Comment