കുറ്റ്യാടി - മട്ടന്നൂര്‍ റോഡ് വികസനത്തിന് വേഗം കൂട്ടാന്‍ ; സര്‍ക്കാര്‍ തീരുമാനം

കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള കുറ്റ്യാടി -മട്ടന്നൂര്‍ റോഡ് വികസനത്തിന് വേഗം കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം.
അലൈന്‍മെന്റ് പുറത്തിറക്കിയതോടെ അന്തിമ ഡി.പി.ആര്‍ തയാറാക്കി കിഫ്ബിയില്‍നിന്ന് സാമ്പത്തിക അനുമതിക്കായി കാത്തിരിക്കുകയാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍.

പെരിങ്ങത്തൂര്‍ മുതല്‍ മട്ടന്നൂര്‍ വരെയുള്ള റോഡിന് സിവില്‍ ഇനത്തില്‍ 436.43 കോടിയും ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള സാമൂഹിക ആവശ്യങ്ങള്‍ക്ക് 587.03 കോടിയടക്കം ആകെ 1023.46 കോടി രൂപക്കുള്ള എസ്റ്റിമേറ്റാണ് കെ.ആര്‍.എഫ്.ബി വിഭാഗം കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുള്ളതെന്നാണ് സൂചന. ഒന്നര വര്‍ഷം മുൻപ് ഉന്നതതല ചര്‍ച്ചകള്‍ക്കുശേഷം ആവശ്യമായ ഭേദഗതി വരുത്തിയാണ് പുതിയ അലൈന്‍മെന്‍റിന് രൂപം നല്‍കിയത്. നിലവിലുള്ള പെരിങ്ങത്തൂര്‍ - മേക്കുന്ന് - പാനൂര്‍ - പൂക്കോട് റോഡിന്റെ വലിയ വളവ് കുറച്ച്‌ പരമാവധി നേരെയാക്കാനാണ് തീരുമാനം. പൂക്കോട് മുതല്‍ മട്ടന്നൂര്‍ വരെ നിലവിലുള്ള റോഡിനെ മുന്‍നിര്‍ത്തിയാണ് അലൈന്‍മെന്റ് തയാറാക്കിയത്.

24 മീറ്റര്‍ വീതിയില്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അളവ് കണക്കാക്കുകയാണ് അടുത്ത ഘട്ടം. ഇത് പൂര്‍ത്തിയാവുന്നതോടെ ഭൂമിയുടെ വിവരങ്ങള്‍ പുറത്തുവിടും. നിലവിലുള്ള റോഡ് വീതികൂട്ടുന്നതിനാല്‍ ധാരാളം വ്യാപാര സ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റേണ്ടിവരുന്നതുസംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതു സംബന്ധിച്ച്‌ സ്ഥലം എം.എല്‍.എക്കുള്‍പ്പെടെ  വ്യാപാര സംഘടനകള്‍ നിവേദനം നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post