തുരങ്കപാതക്ക് ഡി.എഫ്.ഒമാര്‍ നല്‍കിയ ശിപാര്‍ശകൾ തള്ളണമെന്ന് ; വയനാട് പ്രകൃതി സംരക്ഷണ സമിതി

ആനക്കാംപൊയില്‍ - കള്ളാടി തുരങ്കപാതക്ക് ഫോറസ്റ്റ് ക്ലിയറന്‍സ് ശിപാര്‍ശ ചെയ്തുള്ള കോഴിക്കോട്-സൗത്ത് വയനാട് ഡി.എഫ്.ഒമാര്‍ നല്‍കിയ ശിപാര്‍ശകള്‍ വനം - വന്യജീവി താല്‍പര്യങ്ങളെ ഹനിക്കുന്നതും രാഷ്ട്രീയ-ഭരണനേതൃത്വത്തെ തൃപ്തിപ്പെടുത്താനുള്ളതുമായതിനാല്‍ തള്ളിക്കളയണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പരിവേഷ് പോര്‍ട്ടലില്‍ ഡി.എഫ്.ഒമാരുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡി.എഫ്.ഒമാര്‍ സ്ഥലം സന്ദര്‍ശിച്ച്‌ തയാറാക്കിയ റിപ്പോര്‍ട്ട് വനം - വന്യജീവി സംരക്ഷണത്തിന്‍റെ പ്രാഥമിക നിയമങ്ങളെ ഹനിക്കുന്നതും അര്‍ധസത്യങ്ങളും അസത്യങ്ങളും നിറഞ്ഞതാണെന്നും സമിതി ആരോപിച്ചു. തുരങ്കം കടന്നുപോകുന്ന മലനിരകള്‍ അതീവ സംരക്ഷണ പ്രാധാന്യം അര്‍ഹിക്കുന്നതും സങ്കീര്‍ണവും ലോലവുമായ പരിസ്ഥിതി സന്തുലനം നിലനില്‍ക്കുന്നതുമായ പ്രദേശമാണ്.

വയനാടിന്‍റെയും കോഴിക്കോട് ജില്ലയുടെയും കാലാവസ്ഥയെയും ജലസുരക്ഷയെയും കാലവര്‍ഷത്തെയും നിയന്ത്രിക്കുന്ന ക്യാമല്‍ ഹംപ് പര്‍വതനിരകളുടെ മര്‍മകേന്ദ്രമാണ്. ഇവിടത്തെ സസ്യ ജനുസ്സുകളെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും ഡി.എഫ്.ഒമാര്‍ക്ക് പ്രാഥമിക ധാരണപോലുമില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ പ്രദേശത്ത് കാണുന്ന പക്ഷികളും ശലഭങ്ങളും റിപ്പോര്‍ട്ടില്‍ പറഞ്ഞതിന്‍റെ മൂന്നിരട്ടിയിലേറെയുണ്ട്. പശ്ചിമഘട്ടത്തിലെ അമൂല്യമായ ഈ ഭൂഭാഗം വരും തലമുറക്കായി കാത്തുരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ സര്‍വനാശത്തിന് കൂട്ടുനില്‍ക്കയാണ്.

തുരങ്കപാതക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ട വനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അത് നഷ്ടപ്പെട്ടാലുണ്ടാകുന്ന ആഘാതത്തെക്കുറിച്ചും ഒരക്ഷരം പറയാതെ വയനാടന്‍ ചുരം റോഡുകളുടെ ഗതാഗതക്കുരുക്കിനെക്കുറിച്ചും ഇനിയും വര്‍ധിക്കാന്‍ സാധ്യതയുള്ള ഗതാഗത വര്‍ധനവിനെക്കുറിച്ചും അതുമൂലം വന്യജീവികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുമൊക്കെയാണ് ഡി.എഫ്.ഒമാര്‍ റിപ്പോര്‍ട്ടില്‍ ഉത്കണ്ഠപ്പെടുന്നത്.

നിയുക്ത തുരങ്കപാതക്ക് വളരെയടുത്ത് 2018 ല്‍ പൂത്തുമലയില്‍ ഉരുള്‍പൊട്ടി നിരവധി പേര്‍ മരിച്ചത് സൂചിപ്പിക്കുന്നുണ്ടെങ്കിലും തൊട്ടടുത്ത് മുണ്ടക്കൈയില്‍ 2020ലും ഏതാനും വര്‍ഷം മുൻപും ഇതേ മലയുടെ പടിഞ്ഞാറന്‍ ചെരിവില്‍ കവളപ്പാറയിലും പാതാറിലുമുണ്ടായ ഉരുള്‍പൊട്ടലിനെക്കുറിച്ചും ഈ മലനിരകളില്‍ ഉടനീളം ഉണ്ടായ മണ്ണിടിച്ചിലിനെക്കുറിച്ചും മിണ്ടുന്നില്ല.

പ്രത്യക്ഷത്തില്‍ തന്നെ അബദ്ധജഡിലമായ ഈ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് ഫോറസ്റ്റ് അനുമതി നിഷേധിക്കണമെന്ന് പ്രകൃതിസംരക്ഷണ സമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു.

എം. ഗംഗാധരന്‍, പി.എം. സുരേഷ്, എം.വി. മനോജ്, തോമസ് അമ്പലവയൽ, എ.വി. മനോജ്, സി.എ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post