പുനരുദ്ധാരണത്തിന് 90 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടും ; ഇതുവരെ നടപടിയാകാതെ ഫറോക്ക് പഴയപാലം

ഫറോക്ക് പഴയപാലം പുനരുദ്ധാരണത്തിന്​ ഭരണാനുമതി ലഭിച്ചെങ്കിലും ഇതുവരെ നടപടിയായില്ല. ചാലിയാറിന് കുറുകെയുള്ള ബ്രിട്ടീഷ് നിര്‍മിത ഇരുമ്പുപാലം പുതുമോടിയില്‍ പുനരുദ്ധരിക്കാന്‍ 90 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഇരുവശത്തും ആകര്‍ഷകമായ കവാടം ഉള്‍പ്പെടെയായിരുന്നു നവീകരണ പദ്ധതി. കണ്ടെയ്നര്‍ ഉള്‍പ്പെടെ വലിയ ചരക്കുവാഹനങ്ങള്‍ പാലത്തില്‍  പ്രവേശിച്ചതിനാല്‍ മുകള്‍ഭാഗത്തെ ഇരുമ്പുകവചങ്ങളില്‍ പലതും തകര്‍ന്ന നിലയിലാണ്. പാലത്തെ താങ്ങിനിര്‍ത്തുന്നതില്‍ ഈ കവചങ്ങള്‍ക്ക് വലിയ പങ്കുണ്ട്. വലിയ വാഹനങ്ങള്‍ പാലത്തില്‍ പ്രവേശിക്കാതിരിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുൻപ്  ഇരുഭാഗത്തും ഇരുമ്പുകവാടങ്ങള്‍ നിര്‍മിച്ചിരുന്നെങ്കിലും ആഴ്ചകള്‍ക്കകം തന്നെ വലിയ വാഹനങ്ങള്‍ ഇവ തകര്‍ത്തു.

പലപ്രാവശ്യവും അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നെങ്കിലും വലിയ വാഹനങ്ങള്‍ ഇടിച്ച്‌ ഇവ തകരുന്നത് നിത്യസംഭവമായി. കവാടത്തിന്റെ രൂപകല്‍പന തയാറായാല്‍ സാങ്കേതികാനുമതി വാങ്ങി നിര്‍മാണപ്രവൃത്തി നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. പുതിയ ഡിസൈന്‍ പ്രകാരം പാലത്തിന് സ്വര്‍ണനിറം പൂശി അലങ്കാരവിളക്കുകള്‍ സ്ഥാപിക്കാനും ഇരുകരയിലും കമാനങ്ങള്‍ക്കു സമീപം പൂട്ടുകട്ട പാകി നടപ്പാത സൗകര്യം ഒരുക്കാനും പദ്ധതിയിലുണ്ട്. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ കരയില്‍നിന്നും ജലയാത്രയിലും ഇരുമ്പുപാലം വിസ്മയ കാഴ്ചയാകും.

വലിയ വാഹനങ്ങള്‍ പാലത്തില്‍ പ്രവേശിക്കുന്നതു നിയന്ത്രിക്കാന്‍ ഒരുക്കുന്ന സുരക്ഷ കമാനം കരുത്തുറ്റതും ആകര്‍ഷകവുമാക്കാനും പദ്ധതിയുണ്ട്. വീതികുറഞ്ഞ പാലത്തില്‍ ഇരുവശത്തുനിന്നും വാഹനങ്ങള്‍ ഒരേസമയം പ്രവേശിച്ച്‌ ഗതാഗത സ്തംഭനവും തകര്‍ക്കങ്ങളും പതിവാണ്. ഇത്​ പരിഹരിക്കാന്‍ സ്ഥാപിച്ച വണ്‍വേ സിഗ്നല്‍ ലൈറ്റുകള്‍ ഇന്നും നോക്കുകുത്തിയാണ്. വര്‍ഷങ്ങള്‍ക്കു മുൻപ് സ്ഥാപിച്ച ഈ ലൈറ്റുകള്‍ രണ്ടു മാസത്തോളമാണ് പ്രവര്‍ത്തിച്ചത്. അക്കാലത്ത് രണ്ടുലക്ഷം രൂപ മുടക്കിയാണ് ഇവ സ്ഥാപിച്ചത്.

Post a Comment

Previous Post Next Post