ഇനിമുതൽ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്ന നാലുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ; ഹെൽമെറ്റും സുരക്ഷാബെൽറ്റും നിർബന്ധം

മോട്ടോർ സൈക്കിളിൽ മുതിർന്നവർക്കൊപ്പം യാത്ര ചെയ്യുന്ന നാലുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഹെൽമെറ്റും സുരക്ഷാബെൽറ്റും (കുട്ടികളെ ബൈക്ക് ഓടിക്കുന്ന ആളുമായി ബന്ധിപ്പിക്കുന്നത് ) നിർബന്ധമാക്കി പുതിയ ഭേദ​ഗതി വിജ്ഞാപനമിറക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം.

നാലുവയസ്സിൽ താഴെയുള്ളവർ ഉണ്ടെങ്കിൽ മോട്ടോർ സൈക്കിളിന്റെ വേ​ഗം മണിക്കൂറിൽ 40 കിലോമീറ്റർ കവിയരുത്. കേന്ദ്ര മോട്ടോർ വാഹന നിയമം (രണ്ടാം ഭേദഗതി) ചട്ടം 2022 പുറത്തിറക്കി ഒരു വർഷത്തിനുള്ളിൽ പുതിയനിയമം പ്രാബല്യത്തിൽ വരും.

നാലു വയസ്സിനു മുകളിലുള്ളവർക്ക് നേരത്തേതന്നെ ഹെൽമെറ്റ് നിർബന്ധമാണ്. മോട്ടോർ സൈക്കിളിൽ സുരക്ഷാ ബെൽറ്റ് നിർബന്ധമാക്കുന്നത് ആദ്യം. കുട്ടികളുടെ തലയ്ക്ക് അനുയോജ്യമായതും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) നിയമത്തിലെ നിലവാരം പാലിക്കുന്നതുമായ ഹെൽമെറ്റാണ് ധരിക്കേണ്ടത്. കുട്ടിയെയും ഓടിക്കുന്നയാളെയും രണ്ടു സ്ട്രാപ്പുകളാൽ ബന്ധിപ്പിക്കുന്ന സുരക്ഷാ ബെൽറ്റ് വേണം ഉപയോഗിക്കാൻ. ഇതിന്റെ മുറുക്കം കൂട്ടാനും കുറയ്ക്കാനും കഴിയണം. എന്നാൽ ഇത്തരം ബെൽറ്റുകളും ഹെൽമെറ്റുകളും വിപണിയിൽ നിലവിൽ സുലഭമല്ല.

Post a Comment

Previous Post Next Post