നിയമസഭാ സമ്മേളനം ഫെബ്രുവരി 18 മുതൽ ; സംസ്ഥാന ബജറ്റ് മാർച്ച് 11 ന്

പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം ഫെബ്രുവരി 18ന് ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. തുടർന്ന് 21-ാം തീയതി തിങ്കളാഴ്ച സഭ യോഗം ചേർന്ന്, സഭാംഗമായിരുന്ന പി ടി തോമസിന്റെ നിര്യാണം സംബന്ധിച്ച റഫറന്സ് നടത്തി പിരിയും. ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിലുള്ള ചർച്ച ഫെബ്രുവരി 22, 23, 24 തീയതികളിലായി നടക്കും. ഫെബ്രുവരി 25 മുതൽ മാർച്ച് 10 വരെ സഭ സമ്മേളിക്കുന്നതല്ല.

2022-23 സാമ്പത്തിക വർഷത്തെ ബജറ്റും മറ്റ് അനുബന്ധ രേഖകളും മാർച്ച് 11ന് ധനകാര്യ മന്ത്രി സഭയിൽ അവതരിപ്പിക്കും. മാർച്ച് 14, 15, 16 തീയതികളിലായി ബജറ്റിനെ സംബന്ധിക്കുന്ന പൊതുചർച്ച നടക്കുന്നതും മാർച്ച് 17ന് 2021-22 സാമ്പത്തിക വർഷത്തെ ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യർത്ഥന സഭ പരിഗണിക്കുന്നതുമാണ്.

2022-23 സാമ്പത്തിക വർഷത്തെ ആദ്യ നാലുമാസത്തെ ചെലവുകൾ നിർവ്വഹിക്കുന്നതിനായുള്ള വോട്ട്-ഓൺ അകൗണ്ട് മാർച്ച് 22-ാം തീയതിയും ഉപധനാഭ്യർത്ഥനക്കും വോട്ട്-ഓൺ അക്കൗണ്ടിനേയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകൾ യഥാക്രമം മാർച്ച് 21-ാം തീയതിയും മാർച്ച് 23-ാം തീയതിയും സഭ പരിഗണിക്കുന്നതുമാണ്.

മാർച്ച് 21, 23 തീയതികളിൽ ഗവണ്മെന്റ് കാര്യങ്ങൾക്കായി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ള സമയം എപ്രകാരം വിനിയോഗപ്പെടുത്തണമെന്നതു സംബന്ധിച്ച കാര്യം ഫെബ്രുവരി 21-ാം തീയതി തിങ്കളാഴ്ച ചേരുന്ന കാര്യോപദേശക സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ സഭ തീരുമാനിക്കുന്നതാണ്.

Post a Comment

Previous Post Next Post