കൊലപാതക കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. ഫറോക്ക് നല്ലൂര്‍ ചെനക്കല്‍ സുധീഷ് കുമാര്‍ എന്ന മണ്ണെണ്ണ സുധിയുടെ (40) ചിത്രമാണ് ഫറോക്ക് പൊലീസ് പുറത്തുവിട്ടത്.
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് 60കാരന്‍ മരിച്ച സംഭവത്തില്‍ ജനുവരി 19ന് ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. ഫാറൂഖ് കോളജ് ചുള്ളിപറമ്പ് മടവന്‍ പാട്ടില്‍ ഹൗസില്‍ അര്‍ജുനന്‍ (60) ആണ് മെഡിക്കല്‍ കോളജ് ചികിത്സയിലിരിക്കെ ജനുവരി 19ന് മരിച്ചത്. ജനുവരി ഒൻപതിന് രാത്രി ഫറോക്ക് ചുങ്കം മാര്‍ക്കറ്റ് റോഡില്‍ വെച്ച് ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അര്‍ജുനന് മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കിടന്നത്.
മകളുടെ പരാതിയില്‍ ജനുവരി 13ന് ഫറോക്ക് പൊലീസ് സുധീഷിനെതിരെ ആദ്യം മര്‍ദനത്തിന് കേസെടുത്തിരുന്നു. ഇരുമ്പു കൊണ്ട് തലക്ക് അടിച്ചതായാണ് മകളുടെ പരാതിയിലുണ്ടായിരുന്നത്. നിരവധി കേസുകളില്‍ പ്രതിയാണ് സുധീഷെന്ന് പൊലീസ് പറഞ്ഞു. മര്‍ദനമേറ്റ അര്‍ജുനന്‍ മരിച്ചതോടെയാണ് സുധീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്.
ഒരു മാസമായിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് പ്രതിയുടെ ചിത്രം പുറത്തുവിട്ടത്. ഇയാളെ പറ്റി വിവരം അറിയുന്നവര്‍ ഫറോക്ക് പൊലീസില്‍ അറിയിക്കണമെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 9497947231, 04952482230.
Post a Comment