കോഴിക്കോട്‌ നഗരത്തിലെ പാര്‍ക്കിംഗ്‌ പ്രശ്‌നത്തിന്‌ പരിഹാരവുമായി ; സ്മാർട്ട് പാര്‍ക്കിംഗ്‌ പദ്ധതി


 

കോഴിക്കോട്‌ നഗരത്തിലെ പ്രധാന വെല്ലുവിളിയായി പാര്‍ക്കിംഗ്‌ പ്രശ്‌നത്തിന്‌ പരിഹാരമാകുന്ന സ്‌മാര്‍ട്ട്‌ പാര്‍ക്കിംഗ്‌ സൗകര്യം ഒരു മാസത്തിനകം യാഥാര്‍ത്ഥ്യമാകും. പദ്ധതിയുടെ ഒന്നാം ഘട്ടമെന്ന നിലയില്‍ 30 ഇടത്താണ്‌ പാര്‍ക്കിംഗ്‌ അനുവദിക്കുന്നത്‌. ഇതിനായി സൗകര്യമുള്ള പാതയോരങ്ങളും കോര്‍പ്പറേഷന്‍ സ്‌ഥലങ്ങളും സ്വകാര്യ സ്‌ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. പ്രത്യേക മൊബൈല്‍ ആപ്പ്‌ വഴിയാണ്‌ നഗരത്തിലേക്ക്‌ വരുന്ന വാഹനങ്ങള്‍ക്ക്‌ പാര്‍ക്കിംഗ്‌ സൗകര്യം ഒരുക്കുക. ആപ്പിന്റെ സഹായത്തോടെ പാര്‍ക്കിംഗ്‌ സ്‌ഥലം എവിടെയെല്ലാമാണ്‌ ഒഴിവുള്ളതെന്ന്‌ മനസ്സിലാക്കി നേരത്തെ തന്നെ ബുക്ക്‌ ചെയ്യാവുന്ന വിധത്തിലാണ്‌ സംവിധാനം.

ട്രാഫിക്ക്‌ പൊലീസിന്റെ കൂടെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പിലാക്കുക. കോഴിക്കോടിനെ പാര്‍ക്കിംഗ്‌ സൗഹൃദമാക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടമായാണ്‌ പദ്ധതി. വേണ്ടത്ര വീതിയുള്ള റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സൗകര്യമൊരുക്കാനാണ്‌ തീരുമാനം. പദ്ധതി പ്രകാരം റോഡുകളില്‍ സൗകര്യങ്ങളൊരുക്കാന്‍ മൊത്തം പത്തു ലക്ഷം രൂപ മാറ്റിവെച്ചിരുന്നു. കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിന്‌ തുടക്കം കുറിക്കുന്ന ഇന്ന്‌ പദ്ധതി പ്രഖ്യാപനം വൈകീട്ട്‌ നാലിന്‌ ടൗണ്‍ഹാളില്‍ പൊതുമരാമത്ത്‌ മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്‌ നിര്‍വഹിക്കുമെന്ന്‌ മേയര്‍ ഡോ. ബീന ഫിലിപ്പ്‌ വ്യക്‌തമാക്കി.

സ്‌റ്റേഡിയം, കിഡ്‌സണ്‍ കോര്‍ണര്‍ എന്നിവടങ്ങളില്‍ പാര്‍ക്കിംഗ്‌ പ്ലാസയ്‌ക്ക്‌ ഈ വര്‍ഷം തന്നെ സര്‍ക്കാര്‍ അനുമതി തേടി പണി തുടങ്ങും. വെസ്‌റ്റ്ഹില്‍ ഭട്ട്‌ റോഡ്‌ ഭാഗത്ത്‌ തുറമുഖ വകുപ്പിന്റെ സ്‌ഥലം തയ്യാറാക്കി ഇരുന്നൂറ്‌ ലോറികള്‍ക്ക്‌ പാര്‍ക്കിംഗ്‌ ഒരുക്കുന്ന കാര്യം പരിഗണനയിലാണ്‌. കാറുകള്‍ക്ക്‌ ഇവിടെ സൗകര്യമൊരുക്കും. ഇതോടെ സൗത്ത്‌ ബീച്ചില്‍ ലോറികള്‍ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ക്ക്‌ പരിഹാരമാകും. ലോറി ഉടമകളും തൊഴിലാളികളുമായി ബന്ധപ്പെട്ട്‌ സംസാരിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും.


Post a Comment

Previous Post Next Post