ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ടെസ്റ്റിങ് രീതികൾ മാറണമെന്നും ക്ലസ്റ്റർ തിരിച്ച് പരിശോധന നടത്തണമെന്നും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ.എ എസ് അനൂപ്കുമാർ. ഒമിക്രോൺ ബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കു മാത്രം പരിശോധന നടത്താതെ ക്ലസ്റ്റർ തിരിച്ച് കൂടുതൽ പേരിലേക്ക് പരിശോധന വ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒമിക്രോൺ വ്യാപനം മറ്റുരാജ്യങ്ങളിൽ എന്ന പോലെ നമ്മുടെ നാട്ടിലും വരാൻ പോവുകയാണ് എന്നത് അംഗീകരിക്കേണ്ടുന്ന ഒരു വസ്തുത തന്നെയാണ്. ഒമിക്രോൺ വ്യാപനം പിടിച്ചു നിർത്താനാണ് ഇനി നമ്മൾ ശ്രദ്ധിക്കേണ്ടത് . തുടക്കത്തിലെ ഇത്തരം കേസുകൾ കണ്ടു പിടിച്ച് അവരിൽ നിന്നുള്ള രോഗവ്യാപനം തടയുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. ഇതിനായി രോഗനിർണ്ണയം വേഗത്തിലാക്കുകയും കൃത്യമായ ഐസൊലേഷൻ നടപ്പാക്കുകയും ചെയ്യേണ്ടതുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.
സമൂഹ വ്യാപനം തടയാൻ ക്ലസ്റ്ററുകൾ കണ്ടെത്തുകയും പരിശോധന കർശനമാക്കുകയും വേണം.ഒമിക്രോൺ കണ്ടെത്താൻ നിലവിൽ ചെയ്യുന്ന ഹോൾ ജീനോം സ്വീക്വൻസിങ്ങിൻ്റെ ഫലം ലഭിക്കാൻ 5 ദിവസത്തിൽ കൂടുതൽ എടുക്കുന്നതിനാൽ രോഗികളെ ഐസൊലേറ്റ് ചെയ്യാൻ വൈകാനും രോഗവ്യാപനം ഉണ്ടാവാനും ഉള്ള സാധ്യത കൂടുതലാണ്. അതിനാൽ ഇത്തരം ടെസ്റ്റിന് പകരം ഒമിക്രോൺ കണ്ടെത്താനായി പരിഷ്കരിച്ച ആർടിപിസിആർ സ്ക്രീനിംങ് ടെസ്റ്റുകൾ കൂടുതൽ നടത്തുകയും പെട്ടന്ന് തന്നെ രോഗനിർണ്ണയം നടത്തുകയും വേണം.
ഒമിക്രോൺ നിർണ്ണയത്തിൽ ആൻ്റിജൻ ടെസ്റ്റുകളുടെ കാര്യക്ഷമത വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നതിനാൽ ഇത്തരം ടെസ്റ്റുകൾ വ്യാപകമായി ഉപയോഗിക്കുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടതാണെന്നു അദ്ദേഹം പറഞ്ഞു.
ശരിയാണ്.
ReplyDeletePost a Comment