പുതുവത്സര തലേന്ന് തൃക്കാക്കര ഫ്ളാറ്റില്‍ മാരക ലഹരിവസ്തുവായ എം.ഡി.എം.എ. ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് പാര്‍ട്ടി നടത്തുന്നതിനിടെ യുവതി ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പിടിക്കപ്പെട്ടവരിൽ ഒരാൾ ബാലുശ്ശേരി സ്വദേശി ചലിക്കണ്ടി വീട്ടിൽ ഷിനോ മെര്‍വിൻ ( 28 )നാണ് ,തൊടുപുഴ മുള്ളരിങ്ങാട് തേക്കിന്‍കാട്ടില്‍ വീട്ടില്‍ മറിയ ബിജു (20), കൊല്ലം ഓച്ചിറ സജന ഭവനില്‍ റിജു (38), കായംകുളം ഭരണിക്കാട് ചെങ്ങള്ളില്‍ അനീഷ് (25), കൊല്ലം കരുനാഗപ്പള്ളി കടത്തൂര്‍ നജീബ് (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മറിയാ ബിജുവിന്റെ മൊബൈലില്‍ നിന്ന് ലഹരി ഉപയോഗിക്കുന്ന ഒരുപാട് സ്ത്രീകളുടെ ദൃശ്യങ്ങള്‍ കണ്ടെത്തി. ഇവരെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന സംഘമാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം.
ഇവരോടൊപ്പമുണ്ടായിരുന്ന കായംകുളം സ്വദേശി അതുല്‍ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പരിശോധനയ്ക്കിടെ പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ഫ്ലാറ്റിന്റെ എട്ടാം നിലയില്‍നിന്ന് ചാടിയപ്പോഴാണ് അതുലിന് ഗുരുതരമായി പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍ നിന്ന് ഒരു ഗ്രാം എം.ഡി.എം.എ.യും ആറ് ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ തൃക്കാക്കര നവോദയയിലുള്ള ഫ്ളാറ്റിലായിരുന്നു സംഭവം. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫ്ളാറ്റിലെ എട്ടാം നിലയിലെ മുറിയില്‍ ലഹരി മരുന്ന് ഉപയോഗം ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ഷാഡോ പോലീസും തൃക്കാക്കര പോലീസും പരിശോധനയ്ക്ക് എത്തിയത്.
Post a Comment