കൊലക്കേസ് പ്രതിയെ അന്വേഷിച്ചു പോയ പോലീസ് സംഘത്തിന്റെ വള്ളം മുങ്ങി ; പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു.


പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതിയെ തിരഞ്ഞ് പോയ പോലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി പോലീസുകാരൻ മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് പണയിൽക്കടവിലായിരുന്നു സംഭവം. ആലപ്പുഴ സ്വദേശിയും എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനുമായ ബാലുവാണ് മരിച്ചത്. വർക്കല സി.ഐ.യും മൂന്ന് പോലീസുകാരുമാണ് അപകട സമയത്ത്  വള്ളത്തിൽ  ഉണ്ടായിരുന്നത്.

 പോത്തൻകോട് കൊലക്കേസിലെ പ്രധാനപ്രതി ഒട്ടകം രാജേഷ്  അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തിൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാനായി സി.ഐ.യും മൂന്ന് പോലീസുകാരും അടങ്ങുന്ന സംഘം വള്ളത്തിൽ തുരുത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെയാണ് ഇവർ  യാത്രചെയ്തിരുന്ന വള്ളം കായലിൽ മുങ്ങിയത്.

സി.ഐ.യെയും രണ്ട് പോലീസുകാരയെും ആദ്യം രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. പിന്നീടാണ് എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനായ ബാലുവിനെ കാണാതായത്  ശ്രദ്ധയിൽപ്പെട്ടത് തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് തിരച്ചിൽ നടത്തുകയും ബാലുവിനെ അവശനിലയിൽ കണ്ടെത്തുകയുമായിരുന്നു.  പെട്ടന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോത്തൻകോട് സുധീഷ് കൊലക്കേസിൽ പ്രതികളായ പത്ത് പേരെയും കഴിഞ്ഞദിവസങ്ങളിൽ പോലീസ് പിടികൂടിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഒട്ടകം രാജേഷാണ് ഇനി പിടിയിലാകാനുള്ളത്. ഇയാൾക്കായി  പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്.

Post a Comment

Previous Post Next Post