എം.80-യില്‍ ടെസ്റ്റെടുത്ത് 'മൂസ'; ഒടുവില്‍ ലൈസന്‍സ് പുതുക്കിക്കിട്ടി;


ഡ്രൈവിങ് സ്കൂൾ അധികൃതർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പാസ്വേഡ് ചോർത്തി കൃത്രിമത്വം നടത്തിയതിനെത്തുടർന്ന് കുരുക്കിലായ നടൻ വിനോദ് കോവൂരിന് ഒൻപതുമാസത്തിനുശേഷം ഡ്രൈവിങ് ലൈസൻസ് പുതുക്കിക്കിട്ടി. മോട്ടോർ വാഹനവകുപ്പ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ച ചേവായൂരിലെത്തി വിനോദ് കോവൂർ ഡ്രൈവിങ് ടെസ്റ്റ് പൂർത്തിയാക്കിയാണ് മോട്ടോർ ബൈക്കിന്റെയും കാറിന്റെയും ലൈസൻസ് പുതുക്കിയത്.

'എം.80 മൂസ' എന്ന സീരിയലിലൂടെ ശ്രദ്ധേയനായ വിനോദ് എം.80 സ്കൂട്ടറിൽത്തന്നെയാണ് ടെസ്റ്റെടുത്തത്. കഴിഞ്ഞ മാർച്ചിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ വിനോദ് കോവൂർ കോവൂരിലെ നസീറ ഡ്രൈവിങ് സ്കൂളുകാരെ ഏൽപ്പിച്ചതായിരുന്നു. എന്നാൽ, ഡ്രൈവിങ് ടെസ്റ്റ് നടത്താതെത്തന്നെ മോട്ടോർ വാഹനവകുപ്പിന്റെ വെബ്സൈറ്റായ സാരഥിവഴി കോവൂരിലെ ഡ്രൈവിങ് സ്കൂൾ കൃത്രിമമായി പുതുക്കി.

താൻ കുറ്റക്കാരനല്ലെന്ന് കാണിച്ച് വിനോദ് ഗതാഗതവകുപ്പ് മന്ത്രിയെയും ഗതാഗത കമ്മിഷണറെയുംകണ്ട് അപേക്ഷ നൽകി. ലൈസൻസ് പുതുക്കിനൽകുന്നതിൽ എതിർപ്പില്ലെന്ന് സൈബർ പോലീസും കത്തുനൽകി. അതിനുശേഷമാണ് ഇപ്പോൾ പുതുക്കാൻ അവസരം നൽകിയത്. 

Post a Comment

Previous Post Next Post