ഇരട്ട സുരക്ഷ; സര്‍ജിക്കല്‍ മാസ്‌കിന് ഡിമാന്‍ഡ്

കോവിഡിനെ ചെറുക്കാന്‍ രണ്ടു മാസ്‌ക് ഒന്നിച്ചിടുന്നത് ഫലപ്രദമാണെന്ന വിദഗ്ധരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് സര്‍ജിക്കല്‍ മാസ്‌കിന് ആവശ്യക്കാരേറുന്നു. ഒരു സര്‍ജിക്കല്‍ മാസ്‌കും അതിനുമുകളിലായി തുണിമാസ്‌കും ധരിക്കുന്നതിലൂടെ 85 ശതമാനത്തോളം വൈറസിനെ ചെറുക്കാന്‍ കഴിയുമെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നിര്‍ദേശിച്ചത്. ഇതോടെ തുണിമാസ്‌ക് ഉപയോഗിച്ചിരുന്ന നല്ലൊരു ശതമാനം ആളുകളും സര്‍ജിക്കല്‍ മാസ്‌ക് തേടിയെത്തി. എന്‍ 95 മാസ്‌ക് ഉപയോഗം സുരക്ഷിതമാണെങ്കിലും വില കൂടുതലാണ്.

ഡബിള്‍ മാസ്‌കിങ്ങിന്റെ പ്രചാരണം ശക്തമായതോടെ കൂടുതല്‍ എണ്ണം വാങ്ങനെത്തുന്നര്‍ കൂടിയെന്ന് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ പറയുന്നു. മൂന്നുമാസത്തേക്കുള്ള മാസ്‌കുകളാണ് പലസ്ഥലങ്ങളിലും സ്റ്റോക്ക് ചെയ്തിരുന്നത്, ആവശ്യം കൂടിയതോടെ സ്റ്റോക്ക് വേഗത്തില്‍ തീരുന്ന സാഹചര്യമാണ്.

ഡല്‍ഹി, ഗാസിയാബാദ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ള സര്‍ജിക്കല്‍ മാസ്‌കുകളാണ് കേരളത്തിലേക്ക് കൂടുതലായി എത്തിയിരുന്നത്. ഇതിനൊപ്പംതന്നെ സന്നദ്ധസംഘടനകളും ചെറിയ യൂണിറ്റുകളും മാസ്‌ക് നിര്‍മാണം ആരംഭിച്ചതോടെ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് പുറമേ പൊതുവിപണിയിലും സര്‍ജിക്കല്‍ മാസ്‌ക് ലഭിക്കാന്‍ തുടങ്ങി. രണ്ട് ലെയര്‍ സര്‍ജിക്കല്‍ മാസ്‌കിന് എട്ടു രൂപയും മൂന്നു ലെയര്‍ മാസ്‌കിന് 10 രൂപയുമാണ് മെഡിക്കല്‍ സ്റ്റോറുകളടക്കം പൊതുവിപണിയില്‍ ഈടാക്കുന്നത്. നിലവാരം കുറച്ച മാസ്‌കുകളും വിപണിയിലുണ്ട്, ഇതു തടയാനായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍ കര്‍ശനമാക്കി.

Post a Comment

Previous Post Next Post