ഓൺലൈൻ പണമിടപാടിനിടെ അബദ്ധത്തിൽ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ടോ? പണം നഷ്ടപ്പെട്ടെന്ന് കരുതി വിഷമിക്കേണ്ട. തെറ്റായ UPI ഇടപാട് നടന്നാൽ പണം തിരികെ ലഭിക്കാൻ ചില നടപടികൾ സ്വീകരിക്കാം.
പണം അയയ്ക്കാൻ ഉപയോഗിച്ച Google Pay, PhonePe, Paytm തുടങ്ങിയ ആപ്പുകൾ തുറന്ന് ട്രാൻസാക്ഷൻ ഹിസ്റ്ററിയിൽ തെറ്റായ പേയ്മെന്റ് തിരഞ്ഞെടുക്കുക. തുടർന്ന് Help, Support അല്ലെങ്കിൽ Report an issue എന്ന ഓപ്ഷനിലൂടെ പരാതി നൽകാം. പരാതിയുടെ റഫറൻസ് നമ്പറും ഇടപാടിന്റെ സ്ക്രീൻഷോട്ടും സൂക്ഷിക്കണം.
UPI ആപ്പിൽ പരാതി നൽകിയതിന് പിന്നാലെ പണം പിൻവലിക്കപ്പെട്ട ബാങ്കിനെ ബന്ധപ്പെടുക. ഇടപാടിന്റെ UPI റഫറൻസ് നമ്പർ, തീയതി, സമയം, തുക തുടങ്ങിയ വിവരങ്ങൾ നൽകി പരാതി രജിസ്റ്റർ ചെയ്യണം. പരാതി നമ്പർ വാങ്ങി സൂക്ഷിക്കാനും മറക്കരുത്.
നിങ്ങളുടെ ബാങ്ക് പണം ലഭിച്ച ബാങ്കുമായി ബന്ധപ്പെട്ട് ഇടപാട് പരിശോധിക്കുകയും തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. എന്നാൽ പണം തിരികെ ലഭിക്കുന്നത് ഇടപാടിന്റെ സാഹചര്യം, ബാങ്കുകളുടെ നടപടികൾ, പണം ലഭിച്ച വ്യക്തിയുടെ സഹകരണം എന്നിവയെ ആശ്രയിച്ചിരിക്കും.
UPI ആപ്പിലും ബാങ്കിലും പരാതി നൽകിയിട്ടും പരിഹാരം ലഭിച്ചില്ലെങ്കിൽ NPCIയുടെ പരാതി പരിഹാര സംവിധാനത്തിലൂടെ പരാതി നൽകാം. ഇടപാടിന്റെ വിവരങ്ങളും ബാങ്കിൽ നൽകിയ പരാതിയുടെ രേഖകളും ഇതോടൊപ്പം നൽകണം.
ബാങ്കിൽ പരാതി നൽകിയിട്ടും 30 ദിവസത്തിനുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ, അല്ലെങ്കിൽ ലഭിച്ച മറുപടിയിൽ തൃപ്തിയില്ലെങ്കിൽ നിബന്ധനകൾക്ക് വിധേയമായി RBIയുടെ ഓംബുഡ്സ്മാൻ പരാതി പരിഹാര സംവിധാനത്തെ സമീപിക്കാം.
RBIയുടെ ഔദ്യോഗിക പരാതി പോർട്ടൽ: https://cms.rbi.org.in
Post a Comment