വ്യാജ തൊഴിൽ വാഗ്ദാനങ്ങളിലൂടെ സൈബർ തട്ടിപ്പ്.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ജോലി അന്വേഷിക്കുന്നവരെ ലക്ഷ്യമിട്ട് വ്യാജ തൊഴിൽ വാഗ്ദാനങ്ങളിലൂടെ സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകമാകുന്നു. OLX പോലെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ജോലി തേടുന്നവരെയാണ് തട്ടിപ്പുസംഘങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രമുഖ സ്ഥാപനങ്ങളുടെ പേരും ലോഗോയും ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ നൽകുകയും രജിസ്ട്രേഷൻ ഫീസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ്, പ്രോസസിങ് ഫീസ് തുടങ്ങിയവയുടെ പേരിൽ പണം തട്ടുകയുമാണ് ഇവരുടെ രീതി.

OLX വഴി ജോലി അന്വേഷിക്കുന്നതിനായി ബന്ധപ്പെടാനുള്ള വിവരങ്ങൾ പങ്കുവെക്കുന്നവരെ തട്ടിപ്പുകാർ വാട്‌സ്ആപ്പ് വഴി സമീപിക്കുന്നു.പ്രമുഖ കമ്പനികളുടെ പ്രതിനിധികളാണെന്ന് സ്വയം പരിചയപ്പെടുത്തി ആകർഷകമായ ശമ്പളത്തോടു കൂടിയുള്ള  ജോലി വാഗ്ദാനം ചെയ്യുന്നു. കൂടാതെ വിശ്വാസം പിടിച്ചുപറ്റുന്നതിനായി ഫോണിലൂടെയോ വാട്‌സ്ആപ്പിലൂടെയോ വ്യാജ ഓൺലൈൻ അഭിമുഖം നടത്തുകയും ജോലി ഉറപ്പാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്യുന്നു. 

തുടർന്ന് ജോലി ഉറപ്പാക്കുന്നതിനായി 'റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റ്' എന്ന പേരിൽ പണം ആവശ്യപ്പെടുന്നു. പിന്നീട് ശമ്പളത്തോടൊപ്പം തുക തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 'പ്രോസസിങ് ഫീസ്' എന്ന പേരിൽ കൂടുതൽ തുക ഈടാക്കുന്നു. ഡിജിറ്റൽ പേയ്മെന്റ് വഴിയോ  ബാങ്ക് അക്കൗണ്ടുകൾ വഴിയോ തട്ടിപ്പുകാർക്ക് വഴി പണം ലഭിച്ചു കഴിഞ്ഞാൽ പിന്നീട് ജോലിയോ പണമോ നൽകാതെ ഇവർ ഉദ്യോഗാർത്ഥികളെ വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്ത് മുങ്ങുന്നു.   
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
OLX, വാട്സാപ്പ്, ഫേസ്ബുക് തുടങ്ങിയവയിൽനിന്നും ലഭിക്കുന്ന വാഗ്ദാനങ്ങൾ വിശ്വാസയോഗ്യമാണെന്ന്  ഉറപ്പുവരുത്തിയ ശേഷം മാത്രം തുടർനടപടി സ്വീകരിക്കുക.   

പ്രമുഖ സ്ഥാപനങ്ങളുടെ പേരും ലോഗോയും ഉപയോഗിച്ചുള്ള തൊഴിൽ പരസ്യങ്ങൾ മാത്രം കണ്ട് വിശ്വസിക്കരുത്. ബന്ധപ്പെട്ട സ്ഥാപനത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഔദ്യോഗിക ഫോൺ നമ്പർ വഴിയോ ജോലി ഒഴിവുകൾ സ്ഥിരീകരിക്കുക.   

ജോലി നൽകുന്നതിനോ അഭിമുഖം നടത്തുന്നതിനോ സെക്യൂരിറ്റി ഡെപ്പോസിറ്റ്, പ്രോസസിങ് ഫീസ്, രജിസ്ട്രേഷൻ ഫീസ് തുടങ്ങിയവ ആവശ്യപ്പെടുന്നത് തട്ടിപ്പുകാരുടെ തന്ത്രമാണ്.  സംശയത്തോടെ സമീപിക്കുക.   

ജോലി ലഭിക്കുമെന്ന് ഉറപ്പുനൽകി വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്കോ UPI ഐഡികളിലേക്കോ പണം കൈമാറാൻ ആവശ്യപ്പെട്ടാൽ നല്കാതിരിക്കുക.   
പണം കൈമാറുന്നതിന് മുമ്പ് സ്ഥാപനത്തിൻ്റെ വിശ്വാസ്യതയും ജോലി വാഗ്ദാനത്തിന്റെ ആധികാരികതയും സ്ഥിരതയും പരിശോധിക്കുക.

ഇത്തരത്തിലുള്ള  സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴി പരാതി രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.

Post a Comment

Previous Post Next Post