കോഴിക്കോട്: ഭാര്യ മരിച്ച ദുഃഖത്തിൽ മരത്തിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ച നിലമ്പൂർ സ്വദേശിയായ യുവാവിനെ മെഡിക്കൽ കോളേജ് പോലീസും ഫയർഫോഴ്സും ചേർന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി. രാത്രി പൂവാട്ടു പറമ്പിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട പരിശോധന കഴിഞ്ഞ് മടങ്ങുകയായിരുന്ന മെഡിക്കൽ കോളേജ് പോലീസ് സംഘത്തിന്റെ സമയോചിതമായ ഇടപെടലാണ് ഒരു ജീവൻ രക്ഷിച്ചത്. മെഡിക്കൽ കോളേജ് വെള്ളിപറമ്പ് കയറ്റത്തിലെ സിനിമാ തിയേറ്ററിന് മുൻവശത്തുള്ള മരത്തിന് ചുവട്ടിൽ ഒരാൾ മുകളിലേക്ക് നോക്കി നിൽക്കുന്നത് എ.എസ്.ഐ പ്രേമൻ മുചുകുന്നിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കാര്യം അന്വേഷിച്ചപ്പോഴാണ് ഒരു യുവാവ് ഏറെ നേരമായി മരത്തിന് മുകളിൽ നിൽക്കുകയാണെന്ന് മനസ്സിലായത്.
പോലീസ് താഴെയിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് പ്രതികരിക്കാനോ ഇറങ്ങാനോ തയ്യാറായില്ല. ഇതോടെ പോലീസ് വെള്ളിമാടുകുന്ന് ഫയർ യൂണിറ്റിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മരത്തിൽ കയറി യുവാവിനെ സുരക്ഷിതമായി താഴെയിറക്കി.
തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെത്തിച്ച് സംസാരിച്ചപ്പോഴാണ് ഭാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആറാം വാർഡിൽ ചികിത്സയിലാണെന്ന് യുവാവ് പറഞ്ഞത്. പോലീസ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ യുവാവിന്റെ ഭാര്യ മരിച്ച വിവരം സ്ഥിരീകരിച്ചു. ഭാര്യയുടെ വിയോഗം താങ്ങാനാവാതെ യുവാവ് ബന്ധുക്കളോട് പോലും പറയാതെ മൊബൈൽ ഫോൺ ഉപേക്ഷിച്ച് ആത്മഹത്യ ചെയ്യാനായി മരത്തിൽ കയറുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
യുവാവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രി പരിസരത്ത് തിരച്ചിൽ നടത്തിവരികയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ യുവാവിനെ ആശ്വസിപ്പിക്കുകയും ബന്ധുക്കളെ കണ്ടെത്തി സുരക്ഷിതമായി കൈമാറുകയും ചെയ്തു. മെഡിക്കൽ കോളേജ് എ.എസ്.ഐ പ്രേമൻ മുചുകുന്ന്, സിവിൽ പോലീസ് ഓഫീസർ രഞ്ചു, ഹോം ഗാർഡ് അനീഷ് എന്നിവരുടെ ജാഗ്രതയും അവസരോചിതമായ ഇടപെടലുമാണ് യുവാവിന് പുതുജീവൻ നൽകിയത്.
Post a Comment