ഇ-ചെലാൻ പിഴകൾക്ക് 50 ശതമാനം ഇളവ്; ആനുകൂല്യം 2027 ജനുവരി 31 വരെ.

സംസ്ഥാനത്ത് മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് ചുമത്തിയ ഇ-ചെലാൻ പിഴകൾ തീർപ്പാക്കാൻ 50 ശതമാനം ഇളവ് അനുവദിക്കുന്ന ആംനസ്റ്റി പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. 2026 മാർച്ച് 31 വരെയുള്ള ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുകയുടെ പകുതി അടച്ച് കേസുകൾ തീർപ്പാക്കാൻ പദ്ധതിയിലൂടെ സാധിക്കും.

മോട്ടോർ വാഹന വകുപ്പും കേരള പൊലീസും ചുമത്തിയ ഇ-ചെലാൻ പിഴകൾക്ക് ഈ ആനുകൂല്യം ലഭിക്കും. എന്നാൽ, കോടതി നടപടികളിലേക്ക് കടക്കാത്തതും മോട്ടോർ വാഹന നിയമത്തിലെ നിർദിഷ്ട വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തതുമായ കേസുകൾക്ക് മാത്രമാണ് ഇളവ് അനുവദിക്കുക.

2026 മാർച്ച് 31ന് ശേഷം ലഭിക്കുന്ന ചെലാനുകളിലെ പിഴത്തുക കൃത്യസമയത്ത് ഈടാക്കുന്നതിന് കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

2027 ജനുവരി 31 ആണ് ഇളവോടെ പിഴ അടയ്ക്കാനുള്ള അവസാന തീയതി. വാഹന ഉടമകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ https://services.mvd.kerala.gov.in സന്ദർശിച്ച് അർഹമായ ചെലാനുകൾ പരിശോധിച്ച് പിഴത്തുക അടച്ച് തീർപ്പാക്കാം.

Post a Comment

Previous Post Next Post