വേണാട് എക്സ്പ്രസിലെ തിരക്കിന് പരിഹാരമായി പുതിയ ട്രെയിനിന് തത്വത്തിൽ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി. എറണാകുളം-കോട്ടയം-ചെങ്ങന്നൂർ-കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനാണ് റെയിൽവേ മന്ത്രാലയത്തിൽനിന്ന് തത്വത്തിൽ അംഗീകാരം ലഭിച്ചതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പത്തുദിവസത്തിനകം പുതിയ ട്രെയിനിന്റെ ആദ്യ സർവീസ് ആരംഭിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-
''വൈകുന്നേരങ്ങളിലെ വേണാട് എക്സ്പ്രസ്സിലെ രൂക്ഷമായ യാത്രക്കാരുടെ തിരക്കിന് പരിഹാരം കാണുന്നതിനായി എറണാകുളം–കോട്ടയം–ചെങ്ങന്നൂർ–കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് റെയിൽവേ മന്ത്രാലയത്തിൽ നിന്ന് തത്വത്തിൽ അംഗീകാരം ലഭിച്ചു. പുതിയ ട്രെയിനിന്റെ ആദ്യ സർവീസ് പത്തുദിവസത്തിനകം ആരംഭിക്കും.
ഡൽഹിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് വേണാട് എക്സ്പ്രസ്സിലെ യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ കാണിച്ച് വിഷയം വിശദമായി ബോധ്യപ്പെടുത്തിയിരുന്നു. സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർക്ക് ഇരിക്കാനോ നിൽക്കാനോ പോലും മതിയായ ഇടമില്ലാത്ത സാഹചര്യത്തിൽ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്ന ഗുരുതരമായ സ്ഥിതിയാണ് നിലവിലുള്ളത്. ഓഫീസ് സമയം കഴിഞ്ഞ് എറണാകുളത്തുനിന്ന് കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം തുടങ്ങിയ മേഖലകളിലേക്ക് മടങ്ങുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാരെയാണ് ഈ ദുരിതം നേരിട്ട് ബാധിക്കുന്നത്.
Post a Comment