ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യം കൂടുതൽ എളുപ്പമാക്കുന്നതിന്‍റെ ഭാഗമായി റൂം ബുക്കിംഗ് സംവിധാനം വിപുലീകരിക്കുന്നു. തുലാമാസ പൂജ മുതൽ ദിവസവും 400 മുറികൾ വരെ ഭക്തർക്ക് ഓൺലൈനായി ബുക്ക് ചെയ്ത് ഉപയോഗിക്കാനുള്ള ക്രമീകരണങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പൂർത്തിയാക്കി.
ഇതുവരെ 190 മുറികൾ മാത്രമായിരുന്നു ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. ബാക്കി മുറികൾ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസ് വഴിയാണ് ഭക്തർക്ക് അനുവദിച്ചിരുന്നത്. എന്നാൽ എല്ലാ മേഖലകളിലും ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കുക എന്ന ദേവസ്വം ബോർഡിന്‍റെ തീരുമാനപ്രകാരമാണ് ഓൺലൈനായി ബുക്ക് ചെയ്യാവുന്ന റൂമുകളുടെ എണ്ണം 400 ആയി ഉയർത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രോട്ടോക്കോൾ ഗസ്റ്റ് ഹൗസായി പ്രവർത്തിച്ചിരുന്ന ശബരി ഗസ്റ്റ് ഹൗസിലെ പത്ത് മുറികൾ കൂടി ഇനി മുതൽ ഭക്തർക്ക് ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.
www.onlinetdb.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് മുറികൾ ബുക്ക് ചെയ്യേണ്ടത്. തുലാമാസ പൂജയോട് അനുബന്ധിച്ചുള്ള ഓൺലൈൻ റൂം ബുക്കിംഗ് നാളെ (07.10.2026) രാവിലെ 7 മണി മുതൽ ആരംഭിക്കുന്നതാണ്. അതേസമയം, ബുക്കിംഗിനിടയിൽ വെബ്‌സൈറ്റിലെ തിരക്ക് കാരണം ബുക്കിംഗ് പൂർത്തിയാക്കാൻ സാധിക്കാതെ വരികയും എന്നാൽ അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ആവുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ, ഭക്തർക്ക് പ്രസ്തുത രേഖകൾ സഹിതം Onlinerectdb@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പരാതി അറിയിക്കാവുന്നതാണ്. തീർത്ഥാടകരുടെ സൗകര്യാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന ഈ ഡിജിറ്റൽ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.
Post a Comment