ചൊവ്വാഴ്‌ച കോഴിക്കോട് ബീച്ചിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം. ബീച്ച് ഭാഗത്തേക്ക് വൈകുന്നേരം മൂന്ന് മണിമുതൽ വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കും. എലത്തൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വെങ്ങാലി ഓവർബ്രിഡ്ജ് കയറി വെസ്റ്റ് ഹിൽ ചുങ്കം വഴി നഗരത്തിലേക്ക് പ്രവേശിക്കണം. ചരക്ക് ലോറികൾ, കണ്ടെയ്‌നറുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ വെങ്ങളം, പൂളാടിക്കുന്ന് ഹൈവേ വഴി പോകേണ്ടതാണ്.
റാലിയിൽ പങ്കെടുക്കുന്നതിനുവേണ്ടി കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വെങ്ങാലിയിൽനിന്ന് പുതിയാപ്പ-വെള്ളയിൽ ബീച്ച് റോഡ് വഴി ഗാന്ധി റോഡ് ജങ്ഷനിൽ ആളെ ഇറക്കി ഭട്ട് റോഡ് പുതിയാപ്പ (നോർത്ത് ബീച്ച്) ഭാഗത്ത് എത്തി പാർക്ക് ചെയ്യണം.
പേരാമ്പ്ര, കുറ്റ്യാടി, ബാലുശ്ശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എരഞ്ഞിപ്പാലം-നടക്കാവ് വഴി ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് ഗാന്ധി റോഡ് ജങ്ഷൻ വഴി വെള്ളയിൽ ഹാർബറിൽ ആളെ ഇറക്കി സരോവരത്തുള്ള ട്രേഡ് സെന്ററിന് അടുത്തുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. രാമനാട്ടുകര, ഫറോക്ക്, മീഞ്ചന്ത ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പുഷ്പ റോഡ് ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഫ്രാൻസിസ് റോഡ് മേൽപാലം വഴി സീ ക്യൂൻ ഹോട്ടൽ ജങ്ഷനിൽ ആളെ ഇറക്കി തിരിച്ച് കോതി ബീച്ച് ഭാഗത്തേക്ക് പോയി പാർക്ക് ചെയ്യണം.
സിറ്റി ഭാഗത്തുള്ള വാഹനങ്ങൾ എരഞ്ഞിപ്പാലം നടക്കാവ് വഴി വന്ന് ക്രിസ്ത്യൻ കോളേജ് ഈസ്റ്റ് ജംഗ്ഷനിൽ ആളെ ഇറക്കി, തിരിച്ച് സരോവരം ജങ്ഷനിലുള്ള പീവീസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ട്രാഫിക് ഡൈവേർഷനും നിയന്ത്രണവും രാത്രി പത്തുമണിവരെ ഉണ്ടായിരിക്കും. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകേണ്ട ആളുകൾ നിയന്ത്രണങ്ങൾക്കനുസരിച്ച് യാത്രകൾ ക്രമീകരിക്കണം.
ചരക്ക് വാഹനങ്ങൾക്ക് ബീച്ച് ഭാഗത്തേക്ക് പരിപൂർണ നിയന്ത്രണം ഉണ്ടായിരിക്കും. ബഹുജനങ്ങളും ഡ്രൈവർമാരും ബദൽപാതകൾ ഉപയോഗിച്ച് ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു. അടിയന്തിര ഘട്ടങ്ങളിൽ ബന്ധപ്പെടാവുന്ന പോലീസ് ഹെൽപ്പ് ലൈൻ നമ്പറുകൾ 0495 2721017, 9497975656.
Post a Comment