ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കാത്ത മൊബൈൽ ഉപഭോക്താക്കൾക്ക് വോയ്സ്–എസ്എംഎസ് സേവനങ്ങൾ മാത്രം ഉൾപ്പെടുന്ന കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനുകൾ ലഭ്യമാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തീരുമാനിച്ചു. പുതിയ ചട്ടങ്ങൾ പ്രകാരം ടെലികോം സേവനദാതാക്കൾ, ഡാറ്റ ഉൾപ്പെടുന്ന സമാന പ്ലാനുകളുടെ 30 ദിവസമോ അതിൽ താഴെയോ ഉള്ള ഓരോ വാലിഡിറ്റി കാലയളവിനും അനുയോജ്യമായ വോയ്സ്–എസ്എംഎസ് മാത്രം ഉൾപ്പെടുന്ന Special Tariff Voucher (എസ്ടിവി) ലഭ്യമാക്കണം.
കൂടാതെ, എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന കുറഞ്ഞത് ഒരു വോയ്സ്–എസ്എംഎസ് പ്ലാനും, ദീർഘകാല വാലിഡിറ്റിയുള്ള വോയ്സ്–എസ്എംഎസ് പ്ലാനും ലഭ്യമാക്കണം. ഡാറ്റ സേവനം ഒഴിവാക്കുന്നതിനനുസരിച്ച് ഇത്തരം വൗച്ചറുകളിൽ അനുയോജ്യമായ നിരക്കിളവും ഉണ്ടായിരിക്കണമെന്ന് പുതിയ ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു. 2026 ഏപ്രിൽ 7ന് കരട് ഭേദഗതി സംബന്ധിച്ച് ട്രായ് പൊതുജനാഭിപ്രായം തേടുകയും 1,132 പ്രതികരണങ്ങൾ ലഭിക്കുകയും ജൂൺ 15ന് ഓപ്പൺ ഹൗസ് ചർച്ച നടത്തുകയും ചെയ്ത ശേഷമാണ് പുതിയ ചട്ടങ്ങൾ അന്തിമമാക്കിയത്.
ട്രായ് യുടെ വിലയിരുത്തലിൽ, പുതിയ സംവിധാനം കുറഞ്ഞ വരുമാനമുള്ളവർക്കും ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്കും അവരുടെ ആവശ്യത്തിനും സാമ്പത്തിക ശേഷിക്കും അനുസരിച്ച് റീചാർജ് തിരഞ്ഞെടുക്കാനുള്ള കൂടുതൽ അവസരം നൽകും. കൊടിക്കുന്നിൽ സുരേഷ് എംപി പാർലമെന്റിൽ ഉന്നയിച്ച വിഷയത്തിലാണ് അനുകൂല നടപടി. 2026 മാർച്ച് 11ന് ലോക്സഭയിൽ വിഷയം ഉന്നയിച്ചുകൊണ്ട്, മൊബൈൽ ഇന്റർനെറ്റ് ഉപയോഗിക്കാത്ത മുതിർന്ന പൗരന്മാർ, സാധാരണ ഉപയോക്താക്കൾ, അടിസ്ഥാന ഫോണുകൾ ഉപയോഗിക്കുന്നവർ തുടങ്ങിയവർക്ക് ഡാറ്റ ഉൾപ്പെടുത്തിയ പ്ലാനുകൾ വാങ്ങേണ്ടിവരുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി എംപി ചൂണ്ടിക്കാട്ടിയിരുന്നു.
ഡാറ്റ ആവശ്യമില്ലാത്തവർക്ക് അവർ ഉപയോഗിക്കുന്ന സേവനങ്ങൾക്ക് മാത്രം പണം നൽകാൻ കഴിയുന്ന തരത്തിൽ കുറഞ്ഞ നിരക്കിലുള്ള വോയ്സ്–എസ്എംഎസ് റീചാർജ് പ്ലാനുകൾ ഉറപ്പാക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതിന് പിന്നാലെയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്), ടെലികോം ഉപഭോക്തൃ സംരക്ഷണ (പതിമൂന്നാം ഭേദഗതി) റെഗുലേഷൻസ് 2026 പുറത്തിറക്കിയത്.
സാധാരണ മൊബൈൽ ഉപയോക്താക്കളുടെ അവകാശവും താൽപര്യവും സംരക്ഷിക്കുന്നതിനായി ലോക്സഭയിൽ ഉന്നയിച്ച ആവശ്യം നയപരമായ മാറ്റത്തിലേക്ക് എത്തുന്നതിൽ സന്തോഷമുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. മുതിർന്ന പൗരന്മാർക്കും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കും അടിസ്ഥാന മൊബൈൽ സേവനങ്ങൾ അനാവശ്യമായ ഡാറ്റാ ചെലവില്ലാതെ ലഭ്യമാക്കുന്നത് ഉപഭോക്തൃ സൗഹൃദ ടെലികോം നയത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment