അജ്ഞാതമായ നമ്പറും മെസ്സേജുകളും കണ്ട് ഇനി പേടിക്കേണ്ട; സഹായത്തിന് കേരള പൊലീസ് വാട്സ്ആപ്പിലുണ്ട്.

ഡിജിറ്റൽ തട്ടിപ്പുകളും വ്യാജ പ്രചാരണങ്ങലും ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, പൊതുജനങ്ങൾക്കായി പുതിയ സുരക്ഷാ സംവിധാനവുമായി കേരള പൊലീസ്. ഓൺലൈൻ ലോകത്തെ വിവിധ വിവരങ്ങളുടെ വിശ്വാസ്യത പരിശോധിക്കുന്നതിനായി സൈബർ വാൾ ചാറ്റ് ബോട്ട് സംവിധാനമാണ് നിലവിൽ വന്നിരിക്കുന്നത്. 

ഓൺലൈൻ വഴിയുള്ള വ്യാപകമായ സാമ്പത്തിക തട്ടിപ്പുകൾ, വ്യാജ ലിങ്കുകൾ, സംശയകരമായ സന്ദേശങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് ജനങ്ങലെ സുരക്ഷിതരായി നിലനിർത്തുകയെന്നതാണ് ഈ പുതിയ സംവിധാനത്തിന്‍റെ പ്രധാന ലക്ഷ്യം. പ്രധാനമായും അജ്ഞാതമായ ഫോൺ നമ്പറുകൾ, ബാങ്ക് വിവരങ്ങൾ, വെബ്സൈറ്റ് ലിങ്കുകൾ, ഇമെയിൽ വിലാസങ്ങൾ, എസ്എംഎസ് എന്നിവയുടെ വിശ്വാസ്യത നിമിഷങ്ങൾക്കുള്ളിൽ ഇതുവഴി അറിയാനാകും. 

ഇതുകൂടാതെ, ഓൺലൈൻ ആക്ടിവിറ്റികളുമായി ബന്ധപ്പെട്ട ഐപി അഡ്രസുകൾ, ഫോണിലെത്തുന്ന സംശയകരമായ സന്ദേശങ്ങൾ, സുരക്ഷിതമല്ലാത്തതോ വ്യാജമായതോ ആയ മൊബൈൽ ആപ്പുകൾ തുടങ്ങിയവയുടെ സത്യാവസ്ഥയും കേരള പൊലീസിന്‍റെ സൈബർ വാൾ ബോട്ടുമായി ബന്ധപ്പെട്ടാൽ അറിയാനാകും. ഇതിനായി കേരള പൊലീസ് തന്നെയും ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്ന വാട്സ്ആപ്പ് നമ്പറായ 9497964163 എന്ന നമ്പറിൽ ബന്ധപ്പെടാം.   

സൈബർ തട്ടിപ്പുകളെ കുറിച്ചോ അല്ലെങ്കിൽ അപരിചിതമായ സന്ദേശങ്ങളെ കുറിച്ചോ എന്ത് സംശയങ്ങളുണ്ടെങ്കിലും, ഈ നമ്പറിലേക്ക് വാട്സ്ആപ്പ് വഴി ചാറ്റ് ചെയ്താൽ അവയുടെ നിജസ്ഥിതി വേഗത്തിൽ മനസിലാക്കാനാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സൈബർ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായുള്ള ഈ സേവനം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അധികൃതർ കൂട്ടിച്ചേർക്കുന്നു.  

Post a Comment

Previous Post Next Post