നഗരവീഥികൾ കീഴടക്കി ഉണ്ണിക്കണ്ണന്മാർ; സംസ്ഥാനത്തുടനീളം വർണാഭമായ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകൾ.

സംസ്ഥാനത്ത് ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിവിധയിടങ്ങളിൽ വർണാഭമായ ശോഭായാത്രകൾ സംഘടിപ്പിച്ചു. ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമായി അണിഞ്ഞൊരുങ്ങിയ പതിനായിരക്കണക്കിന് കുരുന്നുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശോഭായാത്രകളുടെ ഭാഗമായി മാറി. പ്രധാന നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വിപുലമായ തയ്യാറെടുപ്പുകളോടെയാണ് ഇത്തവണയും ആഘോഷങ്ങൾ നടന്നത്. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശോഭായാത്രകളിൽ കുരുന്നുകളോടൊപ്പം വലിയ തോതിൽ മാതാപിതാക്കളും പങ്കെടുത്തു.

കോഴിക്കോട് നഗരത്തിൽ വിവിധ ദേശങ്ങളിൽ നിന്നുള്ള കുട്ടിക്കണ്ണന്മാരും രാധികമാരും ഘോഷയാത്രയ്ക്കായി എത്തിയിരുന്നു. കാള, പശുക്കുട്ടി എന്നിവയുടെ സാന്നിധ്യത്തോടെയുള്ള ഗോകുലത്തിന്റെ ദൃശ്യാവിഷ്കാരങ്ങളും ആലയ്ക്ക് മുകളിലിരിക്കുന്ന കൃഷ്ണന്റെ വേഷവും ഘോഷയാത്രയുടെ പ്രധാന ആകർഷണങ്ങളായിരുന്നു.

ഘോഷയാത്രയ്ക്ക് മുന്നോടിയായി കുട്ടികളുടെ ഉറിയടി മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ഘോഷയാത്രയുടെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പോലീസിനെ സുരക്ഷയ്ക്കായി വിന്യസിക്കുകയും ചെയ്‌തിരുന്നു.

Post a Comment

Previous Post Next Post