പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് നാളെ ന്യൂഡൽഹിയിൽ തുടക്കം. ലോകനേതാക്കൾ ഉച്ചകോടിക്കായി എത്തിത്തുടങ്ങി.

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ദേശീയ തലസ്ഥാനം. രണ്ടു ദിവസത്തെ ഉച്ചകോടിക്ക് നാളെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ തുടക്കമാകും.  ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ലോകനേതാക്കൾ  എത്തിത്തുടങ്ങി. ഇന്നലെ രാത്രി ന്യൂഡൽഹിയിലെത്തിയ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് സ്വീകരിച്ചു.  

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയും ഉഗാണ്ടൻ വൈസ് പ്രസിഡന്റ് ജെസീക്ക അലൂപോയും ഇന്ന് എത്തിച്ചേര്‍ന്നിട്ടുണ്ട്. ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ്, ഇറാന്‍ പ്രസിഡന്‍റ് മസൗദ് പെസഷ്കിയാന്‍, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തുടങ്ങി പ്രമുഖര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.  'പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത' എന്നതാണ് ഇത്തവണത്തെ പ്രമേയം. 

ഇന്ത്യയ്ക്ക് പുറമേ ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യു.എ.ഇ എന്നീ പതിനൊന്ന് രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.  ഫലപ്രദമായ ചര്‍ച്ചകള്‍ ഉച്ചകോടിയില്‍ നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മവിശ്വാസം പങ്കുവച്ചു. 

Post a Comment

Previous Post Next Post