‘ഹാപ്പി ഹിൽ’ പദ്ധതി പുതിയ അധ്യായത്തിലേക്ക്.

കോഴിക്കോട് ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും വനിതാ-ശിശു വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ‘ഹാപ്പി ഹിൽ’ പദ്ധതിയുടെ ധാരണാപത്രം (MoU) പുതുക്കി.

ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ വ്യക്തിത്വ വികസനം, നൈപുണ്യ വികസനം, മാനസിക ഉല്ലാസം, സാമൂഹിക ഇടപെടൽ, സർഗാത്മക കഴിവുകളുടെ പരിപോഷണം എന്നിവയിലൂടെ സമഗ്രവികസനം ലക്ഷ്യമാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതായിരുന്നു യോഗം.

ഗവ.ആശാഭവൻ (പുരുഷന്മാർ), ആശാഭവൻ (സ്ത്രീകൾ), ചിൽഡ്രൻസ് ഹോം ഫോർ ബോയ്സ്, ചിൽഡ്രൻസ്  ഹോം ഫോർ ഗേൾസ്, ആഫ്റ്റർ കെയർ ഹോം, മഹിളാ മന്ദിരം, ഗവ. വൃദ്ധസദനം, ഹോം ഫോർ മെൻ്റലി ഡിഫിഷ്യൻറ് ചിൽഡ്രൻ എന്നീ ക്ഷേമ സ്ഥാപനങ്ങളിലാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്.

സെന്റ് ജോസഫ്സ് ദേവഗിരി കോളേജ്, പ്രൊവിഡൻസ് വിമൻസ് കോളേജ്, ജെ.ഡി.ടി ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ഫാറൂഖ് ട്രെയിനിംഗ് കോളേജ്, ഹോളി ക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി, മലബാർ ക്രിസ്ത്യൻ കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്.

യോഗത്തിൽ ജില്ലാ വനിതാ-ശിശു വികസന ഓഫീസർ, കോളേജുകളിലെ ഹാപ്പി ഹിൽ കോ-ഓർഡിനേറ്റർമാർ, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർമാർ, ക്ഷേമ സ്ഥാപനങ്ങളിലെ സൂപ്രണ്ടുമാർ എന്നിവർ പങ്കെടുത്തു. ഓരോ ക്ഷേമ സ്ഥാപനത്തിന്റെയും ആവശ്യങ്ങൾ പരിഗണിച്ച് കൂടുതൽ ഫലപ്രദവും ആവശ്യാധിഷ്ഠിതവുമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള ചർച്ചകൾ നടന്നു.

Post a Comment

Previous Post Next Post