'ഓപ്പറേഷൻ പി ഹണ്ട്’ നടപടികൾ കൂടുതൽ ശക്തമാക്കി.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങളും വിവരങ്ങളും ഓൺലൈനിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കേരള പോലീസിന്റെ സൈബർ വിഭാഗം നടത്തുന്ന ‘ഓപ്പറേഷൻ പി ഹണ്ട്’ നടപടികൾ കൂടുതൽ ശക്തമാക്കി. സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു. റെയ്ഡിൽ മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ എന്നിവയുൾപ്പെടെ 212 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. 

സംഭവവുമായി ബന്ധപ്പെട്ട് ഐ.ടി. ആക്ട് പ്രകാരം 135 കേസുകൾ റജിസ്റ്റർ ചെയ്തു. ബിഎൻഎസ്എസ് (BNSS) സെക്ഷൻ 106 പ്രകാരം 70 റിപ്പോർട്ടുകളും 9 സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ടുകളും തയ്യാറാക്കിയിട്ടുണ്ട്.   സംസ്ഥാനത്തുടനീളം 398 സംശയാസ്പദ കേന്ദ്രങ്ങളിലായിരുന്നു പോലീസിന്റെ മിന്നൽ റെയ്ഡ്.

ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ രൂപീകരിച്ച 150 പ്രത്യേക അന്വേഷണ സംഘങ്ങളാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ  വിൽക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും ആവർത്തിച്ച് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും ലക്ഷ്യമിട്ടായിരുന്നു ഈ നടപടി. സോഷ്യൽ മീഡിയ, എൻക്രിപ്റ്റഡ് മെസ്സേജിങ് പ്ലാറ്റ്‌ഫോമുകൾ, ക്ലൗഡ് സ്റ്റോറേജുകൾ എന്നിവ വഴിയാണ് ഇത്തരം ദൃശ്യങ്ങളും വിവരങ്ങളും പ്രചരിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

മാൽവെയറുകൾ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്തവരുടെ വെബ്‌ക്യാമുകളും വ്യക്തിഗത വിവരങ്ങളും ചിലർ ചോർത്തിയതായും വിവരമുണ്ട്. ഐപി വിലാസങ്ങളും ഡിജിറ്റൽ തെളിവുകളും വിശകലനം ചെയ്താണ് സൈബർ പോലീസിലെ കൗണ്ടറിങ് ചൈൽഡ് സെക്‌ഷ്വൽ എക്സ്പ്ലോയിറ്റേഷൻ (CCSE) ടീം പ്രതികളെ കണ്ടെത്തിയത്.

കഴിഞ്ഞ ആറു വർഷമായി പ്രവർത്തിക്കുന്ന പോലീസിന്റെ സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന് കീഴിലുള്ള CCSE ടീമിന്റെ പരിശോധനകളിൽ ഇതുവരെ 2306 കേസുകൾ റജിസ്റ്റർ ചെയ്യുകയും 403 പേർ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്.
പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിൽ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന ചാനലുകളോ ഗ്രൂപ്പുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സിസിഎസ് സി സെന്ററിലോ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലോ (NCRP) അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. 

Post a Comment

Previous Post Next Post