രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മുന്നില്‍ കണ്ട് ഉപഭോക്താക്കള്‍ പ്രധാനപ്പെട്ട ബാങ്ക് ഇടപാടുകള്‍ നേരത്തെ പൂര്‍ത്തിയാക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ മൂന്ന് ദിവസത്തേക്കാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 26 നാലാം ശനിയാഴ്ചയും സെപ്റ്റംബര്‍ 27 ഞായറാഴ്ചയുമായതിനാല്‍, പണിമുടക്ക് നടന്നാല്‍ സെപ്റ്റംബര്‍ 26 മുതല്‍ 30 വരെ തുടര്‍ച്ചയായി അഞ്ച് ദിവസത്തേക്ക് സാധാരണ ബാങ്ക് ശാഖാ സേവനങ്ങളില്‍ തടസ്സം നേരിടാന്‍ സാധ്യതയുണ്ട്.
പണിമുടക്കില്‍ ജീവനക്കാരുടെ പങ്കാളിത്തം അനുസരിച്ച് ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനം ബാധിക്കാമെന്നാണ് എസ്ബിഐയുടെ മുന്നറിയിപ്പ്. അതിനാല്‍ ശാഖയില്‍ നേരിട്ട് എത്തി ചെയ്യേണ്ട ഇടപാടുകളും രേഖകള്‍ സമര്‍പ്പിക്കേണ്ട കാര്യങ്ങളും സെപ്റ്റംബര്‍ 28ന് മുമ്പ് പൂര്‍ത്തിയാക്കാനാണ് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേകിച്ച് ചെക്ക് സംബന്ധമായ സേവനങ്ങള്‍, രേഖകള്‍ ആവശ്യമായ ഇടപാടുകള്‍, ജീവനക്കാരുടെ സഹായം വേണ്ട ബാങ്കിങ് സേവനങ്ങള്‍ എന്നിവയ്ക്ക് കാലതാമസം നേരിടാന്‍ സാധ്യതയുണ്ട്.
ഡിജിറ്റല്‍ ബാങ്കിങ് തുടരും അതേസമയം, എല്ലാ ബാങ്കിങ് സേവനങ്ങളും പൂര്‍ണമായി നിലയ്ക്കില്ല. എടിഎം, ഓട്ടോമേറ്റഡ് ഡെപ്പോസിറ്റ് ആന്‍ഡ് വിത്‌ഡ്രോവല്‍ മെഷീന്‍ , കസ്റ്റമര്‍ സര്‍വീസ് പോയിന്റുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിക്കാമെന്ന് എസ്ബിഐ അറിയിച്ചു. ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, യോനോ, യുപിഐ തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെയും പതിവ് പണമിടപാടുകള്‍ നടത്താം.
Post a Comment