നഗരത്തെ നടുക്കിയ കൊലപാതകക്കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാളയം പുതിയ കോവിലകം പറമ്പ് സ്വദേശി ബിജു(38)വിനെ കൊലപ്പെടുത്തിയ കേസിലാണ് അടുത്ത ബന്ധുവായ കുറ്റിയിൽതാഴീതെക്കിനേടത്ത് മീത്തൽ ദീപക് (21) പിടിയിലായത്. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ 19-ാം തീയതി പുലർച്ചെയാണ പാളയം ബസ്സ്റ്റാന്റിൻ്റെ പുറകിലുള്ള ഒറ്റമുറിയുള്ള വീട്ടിൽ പുലർച്ചെ മൂന്നുമണിയോടെ ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ പശുവിനെ കറക്കാനായി മകനെ വിളിക്കാൻ എത്തിയ അമ്മയാണ് മുറിയിലെ കട്ടിലിൽ രക്തത്തിൽ കുളിച്ചനിലയിൽ ബിജുവിനെ കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. തുടർന്ന് ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്‌ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം കഴുത്തിലും മറ്റുമുള്ള മുറിവുകളാണ് മരണകാരണമെന്ന് വ്യക്തമായി.
നഗരഹൃദയത്തിൽ നടന്ന സംഭവം ഏറെ ഗൗരവത്തോടെ കണ്ട സിറ്റി പോലീസ് കമ്മിഷണർ എ. പി. ഷൗക്കത്തലിയുടെ നിർദേശപ്രകാരം ടൗൺ എ.സി.പി കെ.വി പ്രമോദന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയായിരുന്നു. കസബ സി.ഐ ജിമ്മി പി.ജെ, ജില്ലാപോലീസ് മേധാവിയുടെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എന്നിവർ നിരവധി സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തി. ബിജുവുമായി ബന്ധപ്പെട്ട നിരവധി പേരെ ചോദ്യം ചെയ്യുകയും ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിക്കുകയും ചെയ്തു.
ആദ്യഘട്ടത്തിൽ ലഹരി മാഫിയയുമായി ബന്ധപ്പെട്ട തർക്കങ്ങളാകാമെന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചിരുന്നെങ്കിലും, പോലീസ് എല്ലാ സാധ്യതകളും പരിശോധിച്ച ശേഷമാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്. ഒടുവിൽ ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയാണ് കൊലപാതകം നടത്തിയത് അടുത്ത ബന്ധുവായ 21 വയസ്സുള്ള ദീപക്കാണെന്ന് കണ്ടെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
പ്രതിയെ വിശദമായി ചോദ്യംചെയ്തതിൽ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കൂടുതൽ ചോദ്യം ചെയ്യലിനും മറ്റും പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. അന്വേഷണം ആരംഭിച്ചതു മുതൽ അൻപതിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘം, ബന്ധുക്കളെയും നാട്ടുകാരെയും ഉൾപ്പെടെ നിരവധിപേരെ ചോദ്യംചെയ്തു.
സംഭവസ്ഥലത്തുനിന്ന് ലഭിച്ച ശാസ്ത്രീയ തെളിവുകളും ഫോറൻസിക് പരിശോധനാ ഫലങ്ങളും സൂക്ഷ്‌മമായി വിശകലനം ചെയ്താണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. ഈ അന്വേഷണ മികവിലൂടെയാണ് വെറും 48 മണിക്കൂറിനുള്ളിൽ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പോലീസിന് സാധിച്ചത്.
പ്രതിയുടെ ശരീരത്തിലുണ്ടായ മുറിവുകൾ, കൊല്ലപ്പെട്ട ബിജുവുമായുണ്ടായിരുന്ന വ്യക്തി വൈരാഗ്യം, ലഭ്യമായ ശാസ്ത്രീയ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതി ദീപക്കാണെന്ന് പോലീസ് ഉറപ്പിച്ചത്.
സ്വന്തമായി വാഹനമില്ലാത്ത പ്രതി അച്ഛന്റെ വാഹനം ഉപയോഗിച്ചാണ് കൃത്യം നടത്താൻ സ്ഥലത്തെത്തിയത്. പ്രതിയുടെ വീട്ടിൽനിന്ന് കൊല്ലപ്പെട്ട ബിജുവിന്റെ മൊബൈൽ ഫോണും ബിജുവിന്റെ സ്കൂട്ടറിന്റെ താക്കോലും പോലീസ് കണ്ടെടുത്തു. കൃത്യം നടക്കുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ച നിലയിലും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ലഹരിക്ക് അടിമയായിരുന്ന പ്രതിയെ ചികിത്സയ്ക്ക് വിധേയനാക്കാൻ ബിജു നിർബന്ധിച്ചിരുന്നു. മരണപ്പെട്ട ബിജുവും പ്രതിയും തമ്മിൽ മൂന്ന് വർഷങ്ങൾക്ക് മുൻപ് അടിപിടിയുമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വൈരാഗ്യം വർധിക്കാൻ കാരണമായതായി അന്വേഷണത്തിൽ വ്യക്തമായി. പ്രതി കഞ്ചാവ് ഉപയോഗിച്ചതിന് നേരത്തെ കേസുണ്ടായിരുന്നു. രണ്ട് പേരെ മർദ്ദിച്ചതിന് കസബ സ്റ്റേഷനിൽ ഇയാൾക്കെതിരെ പരാതിയുമുണ്ടായിരുന്നു. അത് രക്ഷിതാക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കുകയായിരുന്നു.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ജിമ്മി പി.ജെ, സബ് ഇൻസ്പെക്ടർ, നിമിൻ. കെ.ദിവാകരൻ, എ.എസ്.ഐമാരായ സജേഷ്, ഷാലു.എം.എസ്.സി.പി.ഒമാരായ സുജിത് കുന്ദമംഗലം, ദീപു.പി, ഷിജിത്ത്.കെ, വിപിൻ രാജ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അംഗങ്ങളായ ഒ.മോഹൻദാസ്, അബ്ദുൽ റഹ്‌മാൻ, ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻവീട്, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, രാകേഷ് ചൈതന്യം, സൈബർ വിദഗ്ദൻ ഷെഫിൻ എന്നിവരാണുണ്ടായിരുന്നത്.
Post a Comment