ആരോഗ്യകരമെന്നും പ്രോട്ടീൻ സമ്പുഷ്ടമെന്നും കരുതി നമ്മൾ വാങ്ങിക്കഴിക്കുന്ന പനീർ, ചോക്ലേറ്റ് സ്പ്രെഡ്, ഫ്രൂട്ട് ജ്യൂസുകൾ എന്നിവയിലൂടെ പ്രമുഖ ബ്രാൻഡുകൾ ഉപഭോക്താക്കളെ വഞ്ചിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ് എഫ്എസ്എസ്എഐ. തെറ്റായ അവകാശവാദങ്ങളും കൃത്യമല്ലാത്ത ലേബലിംഗും വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മൂന്ന് പ്രമുഖ ബ്രാൻഡുകൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നിയമലംഘനം നടത്തിയ കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കാനും തിരുത്തലുകൾ വരുത്താനും എഫ്എസ്എസ്എഐ നിർദ്ദേശം നൽകിയിട്ടുണ്ട്. നോട്ടീസ് ലഭിച്ച പ്രധാന ബ്രാൻഡുകളും അവർ നടത്തിയ ലംഘനങ്ങളും നോക്കാം.
1. ഹെറിറ്റേജ് ഫ്രെഷ് പനീർ : തങ്ങളുടെ ഉൽപ്പന്നം 'ഫ്രെഷ് പനീർ' ആണെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. എന്നാൽ എഫ്എസ്എസ്എഐ നിയമപ്രകാരം (Schedule V) 'ഫ്രെഷ്' എന്ന വാക്ക് ഉപയോഗിക്കാനുള്ള മാനദണ്ഡങ്ങൾ ഈ ഉൽപ്പന്നം പാലിക്കുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. കൂടാതെ, ഇവരുടെ 'ഹെൽത്തി ഹാപ്പിനസ്' (healthy happiness) എന്ന ട്രേഡ്മാർക്കിലെ 'ഹെൽത്തി' (ആരോഗ്യകരം) എന്ന വാക്കിന്റെ ഉപയോഗവും നിയമ വിരുദ്ധമാണ്. ഈ വാക്കിന്റെ ഉപയോഗം ഉൽപ്പന്നം ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു എന്ന തെറ്റായ ധാരണ ഉപഭോക്താക്കളിൽ ഉണ്ടാക്കുന്നു. 7 ദിവസത്തിനകം വിശദീകരണം നൽകാനാണ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2. ലാ കാസ വീഗൻ ഹാസൽനട്ട് ചോക്ലേറ്റ് സ്പ്രെഡ് : 'എഫ്എസ്എസ്എഐ അംഗീകരിച്ചത്' (FSSAI Approved), 'രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു', 'ശരീരത്തിൽ നിന്ന് വിഷാംശം നീക്കം ചെയ്യുന്നു', 'ഓർഗാനിക് പച്ചക്കറികൾ കൊണ്ട് നിർമ്മിച്ചത്' തുടങ്ങിയ തെറ്റായ അവകാശവാദങ്ങളാണ് ഇവർ ഉൽപ്പന്നത്തിൽ രേഖപ്പെടുത്തിയിരുന്നത്.
എഫ്എസ്എസ്എഐ ഒരു ഉൽപ്പന്നത്തെയും പ്രത്യേകം എൻഡോഴ്സ് ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യാറില്ല എന്നിരിക്കെ 'FSSAI Approved' എന്ന് ചേർത്തത് ഉപഭോക്താക്കളെ വഞ്ചിക്കലാണ്. കൂടാതെ, പാക്കറ്റിന്റെ മുൻവശത്ത് തക്കാളി, വെള്ളരിക്ക, മല്ലിയില എന്നിവയുടെ ചിത്രങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഇവയൊന്നും ഉൽപ്പന്നത്തിൽ അടങ്ങിയിട്ടില്ല. വൈറ്റമിൻ C, E എന്നിവയുടെ അളവും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല.
3. എനർജി ഡ്രിങ്ക് ബ്രാൻഡുകൾക്കും നോട്ടീസ് : റെഡ് ബുൾ (Red Bull), പെപ്സികോയുടെ അഡ്രിനാലിൻ റഷ് (Adrenaline Rush), റിലയൻസിന്റെ കാമ്പാ എനർജി ഗോൾഡ് ബൂസ്റ്റ് (Campa Energy Gold Boost), സ്റ്റിങ് എനർജി (Sting), ഹെൽ എനർജി (Hell), കൊക്കകോളയുടെ മോൺസ്റ്റർ എനർജി (Monster Energy) എന്നീ 6 പ്രമുഖ ബ്രാൻഡുകൾക്കെതിരെയും എഫ്എസ്എസ്എഐ നോട്ടീസ് അയച്ചിട്ടുണ്ട്.
കാരണം: ഔദ്യോഗികമായി 'എനർജി ഡ്രിങ്ക്' എന്നൊരു കാറ്റഗറി എഫ്എസ്എസ്എഐ വിജ്ഞാപനം ചെയ്തിട്ടില്ല. എന്നിട്ടും കമ്പനികൾ ഈ പേര് ലേബലിൽ ഉപയോഗിക്കുന്നു. കൂടാതെ 'ശരീരത്തിനും മനസിനും ഉന്മേഷം നൽകുന്നു', 'കോൺസൻട്രേഷൻ കൂട്ടുന്നു' തുടങ്ങിയ തെറ്റായ അവകാശവാദങ്ങളും അനുവദനീയമല്ലെന്ന് അതോറിറ്റി വ്യക്തമാക്കി.
മറ്റ് പ്രമുഖ ബ്രാൻഡുകൾക്കെതിരെയുള്ള നടപടികൾ:
മാഗി (Nestle Maggi): മാഗി നൂഡിൽസ് പാക്കറ്റിനുള്ളിൽ ലാർവ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് നെസ്ലെ ഇന്ത്യയോട് എഫ്എസ്എസ്എഐ വിശദമായ ആക്ഷൻ ടേക്കൺ റിപ്പോർട്ട് (ATR) ആവശ്യപ്പെട്ടിട്ടുണ്ട്.
കെഎഫ്സി (KFC), ഫ്ലിപ്കാർട്ട്, ഓപ്പൺ സീക്രട്ട്: ഈ ബ്രാൻഡുകൾക്കെതിരെയും സോഷ്യൽ മീഡിയയിൽ വന്ന പരാതികളുടെ അടിസ്ഥാനത്തിൽ നോട്ടീസ് അയച്ചു.
പ്ലാൻ ബി പ്ലാന്റ് ബേസ്ഡ് വെഗൻ (Plan B Plant Based Vegan): വീഗൻ ഫുഡ് അംഗീകാരം മുൻകൂട്ടി വാങ്ങാതെ 'വീഗൻ' എന്ന പേരിൽ ഉൽപ്പന്നം വിറ്റതിനാണ് ഇവർക്ക് നോട്ടീസ്.
സ്റ്റോറിയ ഫുഡ്സ്, ഇംഗ്ലീഷ് ഓവൻ ബ്രെഡ്: പ്രിസർവേറ്റീവുകൾ (Preservatives) അടങ്ങിയിട്ടും '100% നാച്ചുറൽ/വെജിറ്റേറിയൻ' എന്ന് പരസ്യം ചെയ്തതിന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) ഇവരിൽ നിന്നും 1 ലക്ഷം രൂപ വീതം പിഴ ഈടാക്കി.
ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോൾ ലേബലുകളിലെ ആകർഷകമായ വാക്കുകളിൽ വീഴരുതെന്നും കൃത്യമായ ചേരുവകൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും എഫ്എസ്എസ്എഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു.
Post a Comment