എഡിജിപി എം.ആർ അജിത്കുമാറിന് സസ്പെൻഷൻ.

നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എഡിജിപി എം.ആർ അജിത്കുമാറിന് സസ്പെൻഷൻ. സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകാൻ അധികസമയം അനുവദിക്കണമെന്ന അജിത്കുമാറിന്‍റെ ആവശ്യം സംസ്ഥാന പൊലീസ് മേധാവി തള്ളിയിരുന്നു. പിന്നാലെയാണ് നടപടി. കേസ് ഡയറി തിരുത്താനും റഫർ റിപ്പോർട്ട് തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് മേൽ അജിത്കുമാർ ഇടപെടൽ നടത്തിയെന്ന അന്വേഷണറിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടും ആഭ്യന്തര സെക്രട്ടറിയുടെ ശിപാർശയും പരിശോധിച്ച ശേഷം മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും കർശനമായ നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ മാസം 31-ന് ഫയർഫോഴ്സ് മേധാവി വിരമിക്കുന്ന ഒഴിവിലേക്ക് ഡിജിപി പദവിയിലേക്ക് പരിഗണിക്കപ്പെടേണ്ടിയിരുന്ന സീനിയർ ഉദ്യോഗസ്ഥനാണ് അജിത്കുമാർ. ഇതിനിടെയാണ് കനത്ത തിരിച്ചടിയായി സസ്പെൻഷൻ നടപടി തേടിയെത്തിയിരിക്കുന്നത്. നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ 'രക്ഷാപ്രവര്‍ത്തനം' എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നതിന് പിന്നാലെ കേസ് അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് അട്ടിമറിക്കാന്‍ എഡിജിപിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നതായി കണ്ടെത്തിയത്. 

Post a Comment

Previous Post Next Post