"യൂസർനെയിം ഫീച്ചർ" വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും കേന്ദ്ര സർക്കാർ നോട്ടീസ്.

പ്രമുഖ മെസേജിങ് പ്ലാറ്റ്ഫോമുകളിലെ യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട് സുരക്ഷാ പരിശോധന കർശനമാക്കി കേന്ദ്ര സർക്കാർ. വാട്‌സാപ്പിന് കടുത്ത നിർദേശം നൽകിയതിന് പിന്നാലെ ടെലിഗ്രാം, സിഗ്നൽ എന്നീ ആപ്പുകൾക്കും കേന്ദ്ര ഐ.ടി. മന്ത്രാലയം നോട്ടീസ് അയച്ചു. ഓൺലൈൻ തട്ടിപ്പുകൾ, ആൾമാറാട്ടം, സൈബർ അധിക്ഷേപങ്ങൾ എന്നിവ തടയാൻ എന്തൊക്കെ സുരക്ഷാ മുൻകരുതലുകളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാനാണ് നോട്ടീസിലെ നിർദേശം. നിലവിൽ ടെലിഗ്രാമിലുള്ള യൂസർനെയിം ഫീച്ചർ തുടർന്നും ഉപയോഗിക്കാൻ അനുവദിക്കുന്നതിനുള്ള കാരണം ബോധിപ്പിക്കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫോൺ നമ്പറുകൾക്ക് പകരം യൂസർനെയിമുകൾ മാത്രം ഉപയോഗിച്ച് അക്കൗണ്ട് തുടങ്ങാൻ സാധിക്കുന്നത് സുരക്ഷാ ഭീഷണികൾക്ക് കാരണമാകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. സെലിബ്രിറ്റികൾ, പ്രമുഖ വ്യക്തികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ പേരിൽ വ്യാജ യൂസർനെയിമുകൾ ഉണ്ടാക്കി ആളുകളെ പറ്റിക്കാൻ തട്ടിപ്പുകാർക്ക് എളുപ്പമാകും. ഫോൺ നമ്പറുകൾ മറച്ചുവെക്കപ്പെടുന്നത് ഫിഷിങ്, ഓൺലൈൻ തട്ടിപ്പുകൾ, രാജ്യമൊട്ടാകെ പടരുന്ന 'ഡിജിറ്റൽ അറസ്റ്റ്' തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തുന്നത് കഠിനമാക്കും. ഇന്ത്യയിൽ യൂസർനെയിം ഫീച്ചർ അവതരിപ്പിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയോട് സർക്കാർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ പരിശോധനകൾ പൂർത്തിയാകും മുൻപ് ഈ ഫീച്ചർ പുറത്തിറക്കരുതെന്നാണ് കേന്ദ്ര നിർദേശം. നിയമം ലംഘിച്ചാൽ ഐ.ടി. നിയമപ്രകാരം നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ മൂന്നുദിവസത്തിനകം മറുപടി നൽകാനും മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ഉപഭോക്താക്കളുടെ സ്വകാര്യത മുൻനിർത്തിയാണ് ഈ ഫീച്ചറെന്നും സുരക്ഷയ്ക്കായി കൃത്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും വാട്‌സാപ്പ് വ്യക്തമാക്കുന്നു. പ്രമുഖ വ്യക്തികളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും പേരുകൾ മറ്റാർക്കും ഉപയോഗിക്കാൻ കഴിയാത്തവിധം മുൻകൂട്ടി മാറ്റിവെക്കും. അധിക സുരക്ഷയ്ക്കായി നാലക്ക 'യൂസർനെയിം പിൻ' നൽകും. ഇന്ത്യയിൽ മാത്രം വാട്‌സാപ്പിന് 50 കോടിയിലധികം ഉപയോക്താക്കളുണ്ട്. അതേസമയം, കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തെ ചോദ്യം ചെയ്‌ത്‌ ഇൻർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ രംഗത്തെത്തിയിട്ടുണ്ട്. ഒരു ഫീച്ചർ കമ്പനികൾ ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പുതന്നെ അത് തടയാൻ സർക്കാരിന് നിലവിൽ നിയമപരമായ അധികാരമില്ലെന്നാണ് ഇവരുടെ വാദം.

Post a Comment

Previous Post Next Post