വിപിഎൻ കമ്പനികൾക്ക് പൂട്ടുവീഴും; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കേന്ദ്ര സർക്കാർ.

രാജ്യത്ത് വിപിഎൻ( വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്‌ ) സേവനദാതാക്കൾക്ക് മേൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷണങ്ങൾ വേഗത്തിലാക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം. വിപിഎൻ സേവനങ്ങൾ ദുരുപയോഗം ചെയ്ത് ഐഡന്റിറ്റി മറച്ചു വെക്കുന്നതും, ഇന്ത്യയിൽ നിരോധിച്ച വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നതും വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

 പുതിയ നിയമപ്രകാരം, വിപിഎൻ കമ്പനികൾക്ക് രാജ്യത്ത് സ്വന്തമായി ഓഫീസുകൾ ആരംഭിക്കേണ്ടതുണ്ട്. കൂടാതെ, സർക്കാർ-അന്വേഷണ ഏജൻസിയായ CERT-In-മായി ചേർന്ന് പ്രവർത്തിക്കുന്നതിനായി ഒരു പ്രത്യേക കംപ്ലയൻസ് ഓഫീസറെയും നിയമിക്കണം. ഈ പുതിയ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ, കമ്പനിയുടെ ഇന്ത്യയിലെ ജീവനക്കാർക്ക് ജയിൽശിക്ഷ ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും. 

 നേരത്തേ 2022-ൽ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) വിപിഎൻ കമ്പനികളോട് ഉപയോക്താക്കളുടെ വിവരങ്ങൾ (പേര്, ഇമെയിൽ, ഫോൺ നമ്പർ, ഐപി അഡ്രസ് എന്നിവ) കുറഞ്ഞത് അഞ്ചു വർഷത്തേക്കെങ്കിലും സൂക്ഷിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ തങ്ങളുടെ സ്വകാര്യതാ നയങ്ങൾക്ക് വിരുദ്ധമാണിതെന്ന് ചൂണ്ടിക്കാട്ടി പ്രോട്ടോൺ വിപിഎൻ, എക്സ്പ്രസ് വിപിഎൻ, നോർഡ് വിപിഎൻ തുടങ്ങിയ പ്രമുഖ കമ്പനികൾ തങ്ങളുടെ ഇന്ത്യയിലെ ഫിസിക്കൽ സെർവറുകൾ പിൻവലിക്കുകയായിരുന്നു. ഈ കമ്പനികൾ ഇപ്പോൾ സിംഗപ്പൂരിലെ സെർവറുകൾ വഴിയാണ് ഇന്ത്യയിൽനിന്നുള്ള ഇന്റർനെറ്റ് ട്രാഫിക് തിരിച്ചുവിടുന്നത്.

 2021ലെ ഐടി നിയമപ്രകാരം വലിയ സാമൂഹികമാധ്യമങ്ങൾക്ക് നൽകിയിട്ടുള്ള നിർദേശങ്ങൾക്ക് സമാനമായ സുരക്ഷാചട്ടക്കൂടാണ് വിപിഎൻ സേവനദാതാക്കൾക്കും ബാധകമാക്കാൻ പോകുന്നത്.  സൈബർ സുരക്ഷാ അന്വേഷണങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുന്നതാണിത്. അതേസമയം  സാധാരണക്കാരായ വിപിഎൻ ഉപയോക്താക്കളെ നിരീക്ഷിക്കാനല്ലെന്നും മറിച്ച് സൈബർ കുറ്റകൃത്യങ്ങളിലും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവരെ കണ്ടെത്താൻ അന്വേഷണ ഏജൻസികളെ സഹായിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍‌ വ്യക്തമാക്കുന്നു. 

Post a Comment

Previous Post Next Post