ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് 11 കോടിയിലേറെ രൂപയുടെ ലഹരിമരുന്നുകൾ കടത്തിയ കേസിൽ 28കാരിയായ മലയാളി യുവതി പിടിയിൽ. മുംബൈ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിൽ വെച്ചാണ് ഹർഷ സണ്ണിയെന്ന കേരള മോഡലിനെ കസ്റ്റംസ് പിടികൂടിയത്. സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ കസ്റ്റംസ് സംഘത്തിന്‍റെ പിടിയിലായത്.
ഇന്നലെ അർധരാത്രിയാണ് ബാങ്കോക്കിൽ നിന്ന് ഇവർ മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയത്. വിമാനമിറങ്ങിയതിന് പിന്നാലെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇവരെ എയർ ഇന്‍റലിജൻസ് യൂണിറ്റും കസ്റ്റംസ് ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയ്ക്കിടെ ഇവരുടെ ട്രോളി ബാഗിൽ ലഹരിവസ്തുക്കളുടെ 12 പൊതി കസ്റ്റംസ് സംഘം കണ്ടെടുത്തു.
നാർക്കോട്ടിക് സംഘത്തിന്‍റെ വിദഗ്ധ പരിശോധനയിൽ ഹർഷയിൽ നിന്ന് പിടിച്ചെടുത്തത് ഹൈഡ്രോഫോണിക് മരിജുവാനയെന്ന മുന്തിയ ഇനം കഞ്ചാവ് ചെടികളാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന്, നിയമവിരുദ്ധ ലഹരിവസ്തുക്കൾ കടത്തിയെന്ന കുറ്റം ചുമത്തി കസ്റ്റംസ് സംഘം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഏകദേശം 11 കോടിയിലേറെ രൂപ വിലമതിക്കുന്ന ലഹരിവസ്തുവാണ് ഇവരിൽ നിന്ന് പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. 2025ലെ മിസ് കേരളയാണ് പിടിയിലായ ഹർഷ സണ്ണി. ഇവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മുംബൈ ലക്ഷ്യംവെച്ചുകൊണ്ടുള്ള കൂടുതൽ ലഹരിക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു.
Post a Comment