സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച മുതൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് (ജൂൺ 26) സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചുകൊണ്ട് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഞായറാഴ്ചയോടു (ജൂൺ 28) കൂടി മഴയുടെ തീവ്രത വർദ്ധിക്കുമെന്നാണ് പ്രവചനം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ തുടങ്ങി ഭൂരിഭാഗം ജില്ലകളിലും ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ-മധ്യ കേരളത്തിൽ ഞായറാഴ്ചയോടെ മഴ പരക്കെ ശക്തമാകും. മഴയുടെ ശക്തി വീണ്ടും വർദ്ധിക്കുന്നതിനെ തുടർന്ന് തിങ്കളാഴ്ച (ജൂൺ 29) വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച ഓറഞ്ച് അലർട്ട് ഉള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കൂടാതെ വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ അന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയും (ജൂൺ 30) കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മലയോര മേഖലയിലുള്ളവരും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Post a Comment