ഗതാഗത നിയമലംഘനത്തിന് പിഴ അടച്ചില്ലെങ്കിൽ നിയമ നടപടികളുണ്ടാകുമെന്ന രീതിയിൽ വാട്‌സ്ആപിലും എസ്.എം.എസ് വഴിയും പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളിൽ വീഴരുതെന്ന് കേരള മോട്ടോർ വാഹന വകുപ്പ്. ഔദ്യോഗിക സന്ദേശങ്ങൾക്ക് സമാനമായ രീതിയിലാണ് തട്ടിപ്പുകാർ ലിങ്കുകൾ അയക്കുന്നത്. ഇതിനെതിരെ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
‘ഇ-ചല്ലാൻ ആരും സ്വയം അടക്കരുത്’ എന്നതും വ്യാജ വാർത്തയാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഗതാഗത നിയമലംഘനത്തിനുള്ള പിഴ ഓൺലൈനിൽ അടക്കരുതെന്നും പകരം സംഘടനയുടെ ഫെസിലിറ്റേഷൻ സെന്ററുകളിൽ അടക്കണമെന്നുമാണ് സന്ദേശം വരുന്നത്. ഔദ്യോഗികമെന്ന് തോന്നിപ്പിക്കാൻ സ്റ്റേറ്റ് ഇൻഫർമേഷൻ സെന്ററിന്റെ പേരിലാണ് അറിയിപ്പ്.
മൂവാറ്റുപുഴ ആസ്ഥാനമായ സംഘടനയുടെ പോസ്റ്ററുകളും, അറിയിപ്പുകളും, ലെറ്റർപാഡുമെല്ലാം വാഹന വകുപ്പിന്റെ അതേരീതിയിൽ തന്നെയാണ്. അതേസമയം, ജനങ്ങൾക്ക് ഇടനിലക്കാർ ഇല്ലാതെ തങ്ങളുടെ സേവനങ്ങൾ നേരിട്ടും താമസം കൂടാതെയും ചെയ്തെടുക്കുന്നതിനാണ് ഓൺലൈൻ സൗകര്യങ്ങൾ നിലവിൽ വന്നിരിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്കിൽ കുറിച്ചു. ജനങ്ങൾക്ക് തങ്ങളുടെ വാഹനത്തിന് എന്തെങ്കിലും ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് സ്വയം പരിശോധിച്ചു ബോധ്യപ്പെടാവുന്നതാണ്.
echallan.parivahan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ next-gen-mparivahan എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ പരിശോധിച്ചു ഉറപ്പ് വരുത്തണം. തങ്ങളുടെ വാഹനത്തിന് ചല്ലാനുകൾ ഉണ്ടെന്നു കാണിച്ചു വാട്സാപിലോ എസ്.എം.എസ് ആയോ സന്ദേശങ്ങൾ ലഭിച്ചാൽ അത് ഉറപ്പ് വരുത്താൻ സർക്കാർ ഔദ്യോഗിക സൈറ്റിൽ കയറി വാഹന നമ്പർ നൽകി പരിശോധിക്കുന്നതാണ്. ഉണ്ടെങ്കിൽ അത് ആ ഔദ്യോഗിക സൈറ്റിലൂടെ തന്നെ ഓൺലൈനായി ഒടുക്കുന്നതിനുള്ള സൗകര്യവും നിലവിലുണ്ട്. ആയതുകൊണ്ട് മെസ്സേജിലുള്ള ലിങ്കുകൾ ഇതിനായി ഉപയോഗിക്കാതിരിക്കുക.
സ്വന്തമായി പരിശോധിച്ച് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സർക്കാർ അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ് ഓൺലൈനിലൂടെ പല തട്ടിപ്പ് സംഘങ്ങളും ചെയ്തുവരുന്നത്. എന്നാൽ, ഈ തട്ടിപ്പ് സംഘങ്ങളെ കാണിച്ച് സർക്കാറിൻ്റെ ഓൺലൈൻ സേവനങ്ങളെ നിരുത്സാഹപ്പെടുത്താൻ ചില തൽപരകക്ഷികളും ശ്രമം നടത്തുന്നതായി കാണുന്നു. ജനങ്ങൾ ബോധവാന്മാരാകുക എന്നത് തന്നെയാണ് ഇതിനൊരു പരിഹാരമെന്നും അധികൃതർ അറിയിച്ചു.
Post a Comment