സംസ്ഥാനത്ത് ലഹരിമരുന്നുകളുടെ ഉപയോഗവും വിൽപ്പനയും തുടച്ചുനീക്കുന്നതിനായി ആഭ്യന്തരവകുപ്പ് തുടക്കമിട്ട ഓപ്പറേഷൻ തൂഫാൻ-ദി നാർക്കോ ഹണ്ട് പദ്ധതിക്ക് പൂർണ പിന്തുണയുമായി നടൻ മോഹൻലാൽ. പദ്ധതിയുടെ ഭാഗമായി തൂഫാൻ വാരിയർ ബാഡ്ജ് ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയിൽ നിന്ന് മോഹൻലാൽ സ്വീകരിച്ചു.
തിരുവനന്തപുരത്ത് ആഭ്യന്തര വകുപ്പ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോഹൻലാൽ പദ്ധതിക്ക് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചത്. കേരള പൊലീസിന്‍റെ സദുദ്ദേശ്യത്തോടെയും നിർണായകവുമായ ഈ നീക്കത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. 'ലഹരിക്കെതിരെ ഇത്തരത്തിലുള്ള ശക്തമായ നീക്കം നാളുകളായി ഞാൻ ആഗ്രഹിച്ചിരുന്നു. ഇതൊരുപാട് കുടുംബങ്ങൾക്ക് രക്ഷയാകുമെന്നാണ് വിശ്വാസം. ലഹരി എന്ന മഹാവിപത്തിൽ നിന്നും ഒരുപാട് കുടുംബങ്ങളെയും നമ്മുടെ സ്കൂൾ കുട്ടികളെയും രക്ഷിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും.
നാർക്കോട്ടിക്സ് എന്നത് വളരെ മോശമായ ഒരു ബിസിനസ്സ് ആണ്. ഇതിനെതിരെ നമ്മൾ ഇപ്പോഴെങ്കിലും പ്രതികരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. ഒരു വർഷത്തോളമായി മാതാപിതാക്കളുടെ പേരിൽ ഞാൻ നടത്തുന്ന വിശ്വശാന്തി ഫൗണ്ടേഷൻ വഴി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുമായി ചേർന്ന് ലഹരിക്കെതിരെ നിരവധി പ്രോജക്റ്റുകൾ ചെയ്യുന്നുണ്ട്. വീട്ടിൽ പറയാൻ മടിക്കുന്ന കുട്ടികൾ പോലും തങ്ങളെ സമീപിച്ച് സഹായം തേടാറുണ്ട്. ആ ഒരു സ്പാർക്കിൽ നിന്നാണ് ഇപ്പോൾ 'ഓപ്പറേഷൻ തൂഫാൻ' എന്ന വലിയൊരു പ്രസ്ഥാനമായി ഇത് മാറുന്നത്'. മോഹൻലാൽ പറഞ്ഞു.
വിശ്വശാന്തി ഫൗണ്ടേഷൻ തയ്യാറാക്കിയ 'ബീ എ ഹീറോ, സേ നോ ടു ഡ്രഗ്സ്' എന്ന പ്രോജക്റ്റ് റിപ്പോർട്ടും മോഹൻലാൽ മന്ത്രിക്ക് കൈമാറി. കേരള പൊലീസുമായി ചേർന്ന് ഈ രംഗത്ത് കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും, ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടതിന് സർക്കാരിനും ആഭ്യന്തര വകുപ്പിനും പ്രത്യേക നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതൊരു താൽക്കാലിക നടപടിയല്ലെന്നും, ലഹരിയുടെ വേരറുക്കാൻ അന്തർസംസ്ഥാന - അന്താരാഷ്ട്ര തലത്തിലുള്ള ഏജൻസികളുടെ സഹകരണത്തോടെയുള്ള സമഗ്രമായ പദ്ധതിയായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കേരള പൊലീസിന്റെ ഈ ശക്തമായ പോരാട്ടത്തിൽ എല്ലാ ജനങ്ങളും പങ്കാളികളാകണമെന്ന് കൂടിക്കാഴ്ചയിൽ പങ്കെടുത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അഭ്യർഥിച്ചു. നടൻ മോഹൻലാൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ കൂടിക്കാഴ്ചയുടെ വിഡിയോ പങ്കുവെച്ചത്.
Post a Comment