മഴ പെയ്യുന്നതോടെ നഗരത്തിലെ പ്രധാന റോഡുകളിലും ദേശീയ പാതയിലും വെള്ളക്കെട്ട് രൂപപ്പെടുന്നത് ഒഴിവാക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ദേശീയപാതയോരത്തെ ഡ്രെയിനേജുകള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തടസ്സം നേരിടുന്നതായി കണ്ടെത്തുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവൃത്തികള്‍ അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കണമെന്നും ദേശീയപാത അധികൃതരെ അറിയിച്ചു.
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി സ്ഥലം സന്ദര്‍ശിക്കുമെന്നും അവര്‍ അറിയിച്ചു.
ദേശീയപാത അഴിയൂര്‍-വെങ്ങളം റീച്ചില്‍ വടകര, മടപ്പള്ളി, പയ്യോളി ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നത് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഇതില്‍ മടപ്പള്ളി ഭാഗത്തെ പ്രശ്നം പരിഹരിച്ചതായി ദേശീയപാത അധികൃതര്‍ അറിയിച്ചു. നഗരത്തിലെ പ്രധാന റോഡുകളായ മാനാഞ്ചിറ-മലാപറമ്പ് റോഡ്, മാവൂര്‍ റോഡ് എന്നിവിടങ്ങളിലെ പ്രശ്നങ്ങളും കലക്ടര്‍ വിലയിരുത്തി.
നടക്കാവ് കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപം, പുതിയസ്റ്റാന്‍ഡ് ജങ്ഷന്‍, എരഞ്ഞിപ്പാലം ഭാഗങ്ങളിലെ ഡ്രെയിനേജ് സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. മഴക്കാലത്തെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദുരന്തനിവാരണ വകുപ്പിനു കീഴിലെ ദ്രുതകര്‍മസേനയും വനം വകുപ്പിനു കീഴിലെ പ്രൈമറി റെസ്പോണ്‍സ് ടീമും സജജമാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
യോഗത്തില്‍ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ എം സജീദ്, ദേശീയപാത, പി.ഡബ്ല്യു.ഡി, മോട്ടോര്‍ വാഹന വകുപ്പ്, കെ.ആര്‍.എഫ്.ബി, വനം തുടങ്ങി വകുപ്പ്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Post a Comment