ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരവും, ഇന്ത്യയിലെ പ്രധാന സാഹസിക കായിക മേളകളിലൊന്നായ മലബാർ റിവർ ഫെസ്റ്റിവലിന്റെ പന്ത്രണ്ടാം പതിപ്പിന് കോഴിക്കോട് വേദിയാവുകയാണ്. ഫെസ്റ്റിവലിന്റെ വിപുലമായ നടത്തിപ്പിനായുള്ള സംഘാടക സമിതി യോഗം സി കെ കാസിം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ഇന്ന് ചേർന്നു.
ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ എന്നിവിടങ്ങളിലായാണ് ഇത്തവണത്തെ മത്സരങ്ങൾ അരങ്ങേറുന്നത്. ടൂറിസം വകുപ്പ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി (KATPS), ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ സംയുക്ത സഹകരണത്തോടെ നടക്കുന്ന ഈ മേള, നമ്മുടെ ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിലെ അഭിമാനകരമായ നേട്ടമാണ്.
യോഗത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ, വകുപ്പുകളുടെ ഏകോപനം, സാംസ്‌കാരിക പരിപാടികൾ, ദേശീയ-അന്തർദേശീയ താരങ്ങളുടെ പങ്കാളിത്തം എന്നിവ വിശദമായി ചർച്ച ചെയ്തു. മത്സരത്തോടനുബന്ധിച്ച് വിവിധ പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ വിപുലമായ പ്രീ-ഇവന്റുകളും സംഘടിപ്പിക്കുന്നുണ്ട്.
ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും വകുപ്പുകളുടെ ഏകോപനവും ഉറപ്പാക്കാൻ ജില്ല ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്. ലോകമെമ്പാടുമുള്ള സാഹസിക കായിക താരങ്ങളെയും വിനോദസഞ്ചാരികളെയും വരവേൽക്കാൻ കോഴിക്കോട് സജ്ജമായിക്കഴിഞ്ഞു. ഈ മേളയുടെ വൻവിജയത്തിനായി ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
Post a Comment