സംസ്ഥാനത്ത് കാലവർഷം കനക്കുന്ന സാഹചര്യത്തിൽ കാസർക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. കാസർകോട് ജില്ലയിൽ ശക്തമായ മഴ തുടരുകയും ബുധനാഴ്ച ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്നതിനാലാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്.
പ്രൊഫഷണൽ കോളജുകൾ, മറ്റ് കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. അതേസമയം, റെസിഡൻഷ്യൽ സ്കൂളുകൾക്ക് ഈ അവധി ബാധകമല്ല. കൂടാതെ, നേരത്തെ നിശ്ചയിച്ചിട്ടുള്ള സർവകലാശാല പരീക്ഷകൾ, പൊതുപരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവ മാറ്റമില്ലാതെ തുടരുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
തുടർച്ചയായി മൂന്ന് ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കണ്ണൂർ ജില്ലയിലും നാളെ അവധി നൽകിയിരിക്കുന്നത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകൾ, കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, മദ്രസകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്.നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും മറ്റ് പരിപാടികൾക്കും മാറ്റമുണ്ടോയെന്ന കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർ പിന്നീട് പ്രത്യേക അറിയിപ്പുകൾ നൽകുന്നതാണ്.
Post a Comment