ഇന്ത്യൻ ബഹിരാകാശ രംഗത്ത് ചരിത്രപരമായ മാറ്റത്തിനൊരുങ്ങി സ്വകാര്യ മേഖല.രാജ്യം ഇതുവരെ ഉപയോഗിച്ച വാർത്താവിനിമയ ഉപഗ്രഹങ്ങളെല്ലാം സർക്കാർ സ്ഥാപനമായ ഐ.എസ്.ആർ.ഒ നിർമിച്ചതാണെങ്കിൽ, ആദ്യമായി ഒരു സ്വകാര്യ കമ്പനി സ്വന്തമായി നിർമിക്കുന്ന കമ്യൂണിക്കേഷൻ ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുകയാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'അനന്ത് ടെക്നോളജീസ്' ആണ് 'അനന്ത് സാറ്റ്-1' എന്ന ഈ ചരിത്ര ഉപഗ്രഹത്തിന് പിന്നിൽ.
2029ൽ ഉപഗ്രഹം വിക്ഷേപിക്കുമെന്ന് കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സുബ്ബ റാവു പാവുലൂരി ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ സ്പേസ് കോൺഗ്രസിൽ വ്യക്തമാക്കി. ഏതാനും വർഷങ്ങൾക്ക് മുമ്പ് രാജ്യം ബഹിരാകാശ മേഖല സ്വകാര്യ കമ്പനികൾക്കായി തുറന്നുകൊടുത്തതിന് പിന്നാലെയുണ്ടായ വലിയൊരു നേട്ടമാണിത്. 1992 മുതൽ ഐ.എസ്.ആർ.ഒയുടെ 109 ഉപഗ്രഹങ്ങളുടെയും 89 റോക്കറ്റുകളുടെയും നിർമാണത്തിൽ പങ്കാളികളായ പരിചയസമ്പത്തുമായാണ് അനന്ത് ടെക്നോളജീസ് തങ്ങളുടെ ആദ്യ സ്വന്തം ഉപഗ്രഹവുമായി രംഗത്തെത്തുന്നത്.
ഭൂമിയിൽ നിന്നും ഏകദേശം 36,000 കിലോമീറ്റർ ഉയരെയുള്ള ജിയോസ്റ്റേഷനറി ഭ്രമണപഥത്തിലാണ് ഈ ഉപഗ്രഹം സ്ഥാപിക്കുക. ഭൂമി കറങ്ങുന്ന അതേ വേഗതയിൽത്തന്നെ സഞ്ചരിക്കുന്നതിനാൽ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഇത് ആകാശത്ത് ഒരേ സ്ഥാനത്ത് സ്ഥിരമായി നിൽക്കുന്നതായി തോന്നും. ഇതുകൊണ്ടാണ് നമ്മുടെ വീടുകളിലെ ഡിഷ് ആന്റിനകൾ മാറ്റേണ്ടി വരാത്തത്. അതിവേഗ ഇന്റർനെറ്റ് സാധ്യമാക്കുന്ന ഉയർന്ന ഫ്രീക്വൻസിയുള്ള 'കെഎ-ബാൻഡ്' സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്.
പരമ്പരാഗത ഉപഗ്രഹങ്ങളേക്കാൾ വലിയ അളവിൽ ഡാറ്റ കൈമാറാൻ ശേഷിയുള്ള ഈ ഉപഗ്രഹത്തിന് പ്രതിദിനം 100 ജി.ബി.പി.എസ് വേഗത നൽകാൻ സാധിക്കും. ഇന്ത്യക്ക് നിലവിൽ 1,000 ജി.ബി.പി.എസിനു മുകളിൽ സാറ്റലൈറ്റ് ബാൻഡ്‌വിഡ്ത്ത് ആവശ്യമുണ്ടെന്നാണ് കണക്കുകൾ. മലയോര മേഖലകളും ഉൾഗ്രാമങ്ങളും ഉൾപ്പെടെ മൊബൈൽ ടവറുകളോ കേബിളുകളോ എത്തിക്കാൻ ബുദ്ധിമുട്ടുള്ള ഇന്ത്യയുടെ വിദൂര ഭാഗങ്ങളിൽ അതിവേഗ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതുവഴി നഗരങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ടെലിമെഡിസിൻ വഴി ഗ്രാമങ്ങളിലുള്ളവർക്കും, മികച്ച അധ്യാപകരുടെ ക്ലാസുകൾ ടെലി-എജുക്കേഷൻ വഴി കുട്ടികൾക്കും ലഭ്യമാക്കാൻ സാധിക്കും.
സിവിലിയൻ ആവശ്യങ്ങൾക്ക് പുറമെ ഇന്ത്യൻ നാവികസേന, വ്യോമസേന, കരസേന എന്നിവക്കും ഈ ഉപഗ്രഹം സേവനം നൽകും. ഇന്ത്യയിൽത്തന്നെ പൂർണമായി അസംബിൾ ചെയ്ത് പരീക്ഷിക്കുന്ന ഉപഗ്രഹം ഐ.എസ്.ആർ.ഒയുടെ എൽ.വി.എം-3, പി.എസ്.എൽ.വി, അല്ലെങ്കിൽ എസ്.എസ്.എൽ.വി റോക്കറ്റുകളിലൊന്നിലായിരിക്കും ബഹിരാകാശത്ത് എത്തിക്കുക. ഒരു കാലത്ത് ഉപഗ്രഹങ്ങൾ വാങ്ങി ഉപയോഗിച്ചിരുന്ന ഇന്ത്യയെ, ലോകത്തിന് വേണ്ടി ഉപഗ്രഹങ്ങൾ നിർമിച്ചു നൽകുന്ന കേന്ദ്രമാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡോ. പാവുലൂരി കൂട്ടിചേർത്തു.
Post a Comment