നടന്‍ സലിംകുമാര്‍ അന്തരിച്ചു.

മൂന്ന്​ പതിറ്റാണ്ടോളം മലയാള വെള്ളിത്തിരയിൽ നിലക്കാത്ത ചിരിയുടെയും വൈകാരിക അഭിനയ മുഹൂർത്തങ്ങളുടെയും വിസ്മയം ഒരുക്കിയ നടൻ സലിം കുമാർ ഇനി ചിരിയോർമ. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. 57 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ മരണം രാത്രി 10.45ഓടെയാണ് സ്ഥിരീകരിച്ചത്. ഭാര്യ: സുനിത. മക്കൾ: ചന്തു, ആരോമൽ.  മകൻ ചന്തു മഞ്ഞുമ്മൽ ബോയ്​സ്​, ലോക തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്​. 

1969 ഒക്ടോബർ ഒമ്പതിന് എറണാകുളം വടക്കൻ പറവൂരിൽ ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ ഇളയ മകനായി ജനിച്ച സലിം കുമാർ മിമിക്രിയിലൂടെയാണ്​ കലാരംഗത്ത്​ എത്തിയത്​. വടക്കൻ പറവൂർ ഗവ. ലോവർ പ്രൈമറി സ്കൂൾ, ഗവ. ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. മാല്യങ്കര എസ്.എൻ.എം കോളജിൽ പ്രീഡിഗ്രി പഠനത്തിന്​ ശേഷം എറണാകുളം മഹാരാജാസ് കോളജിൽ നിന്ന്​ ബിരുദം നേടി. 

മൂന്ന്​ തവണ എം.ജി സർവകലാശാല യുവജനോത്സവത്തിൽ മി​​മി​​ക്രി​​യി​​ൽ ഒന്നാം സ്ഥാനക്കാരനായിരുന്നു. കൊച്ചിൻ കലാഭവനിലാണ് മിമിക്രി ജീവിതം ആരംഭിച്ചത്​. പിന്നീട് ‘കൊച്ചിൻ സാഗറി’ൽ ചേർന്നു. നാടക സംഘങ്ങളുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചു. ‘കോമിക്കോള’ ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. 1996ൽ സിദ്ദീഖ്​ ഷമീർ സംവിധാനം ചെയ്ത ‘ഇഷ്ടമാണ്​ നൂറുവട്ടം’ ആണ്​ ആദ്യ ചിത്രം.   ലാൽ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലെ  നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു. 

2005ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ്​ ഇതിലൂടെ അദ്ദേഹത്തെ തേടിയെത്തി. സലിം അഹമ്മദ്​ സംവിധാനം ചെയ്ത ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലെ അഭിനയത്തിന്​ 2010ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും സംസ്ഥാന പുരസ്കാരവും ലഭിച്ചു. 2012ൽ മികച്ച ഹാസ്യനടനും (അയാളും ഞാനും തമ്മിൽ) 2016ൽ മികച്ച കഥക്കുമുള്ള (കറുത്ത ജൂതൻ) സംസ്ഥാന പുരസ്‌കാരവും നേടി. സംസ്ഥാന ടെലിവിഷൻ അവാർഡ്​, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്, സത്യൻ അവാർഡ്​, പ്രേംനസീർ അവാർഡ്​ തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്​. ഇതര ഭാഷകളിലും അഭിനയിച്ചു. കമ്പാർട്ട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാർ ആകണം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ലിവർ സീറോസിസ് രോഗത്തെ തുടർന്ന്​ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്​ വിധേയനായിരുന്നു.  

തുടർന്നിങ്ങോട്ട്​ മാട്ടു​പ്പെട്ടി മച്ചാൻ, പട്ടാഭിഷേകം, നാടൻ പെണ്ണും നാട്ടുപ്രമാണിയും, തെങ്കാശി പട്ടണം, സത്യമേവ ജയതേ, ഈ പറക്കും തളിക, മീശ മാധവൻ, മഴത്തുള്ളി കിലുക്കം, കുഞ്ഞിക്കൂനൻ, സി.ഐ.ഡി മൂസ, തിളക്കം, കിളിച്ചുണ്ടൻ മാമ്പഴം, പട്ടാളം, ചതിക്കാത്ത ചന്തു, പെരുമഴക്കാലം, തൊമ്മനും മക്കളും, കല്യാണ രാമൻ, രാപ്പകൽ, രാജമാണിക്യം, ചാന്തുപൊട്ട്​, കറുത്ത പക്ഷികൾ, കഥ പറയുമ്പോൾ, മായാവി, അണ്ണൻ തമ്പി, ചട്ടമ്പിനാട്​, ബെസ്റ്റ്​ ആക്ടർ, മേരിക്കുണ്ടൊരു കുഞ്ഞാട്​, ഉദയനാണ്​ താരം, കുഞ്ഞനന്തന്റെ കട, അറബിക്കഥ, പത്തേമാരി, വെളിപാടിന്‍റെ പുസ്തകം, ഡ്രൈവിങ് ലൈസൻസ്, തല്ലുമാല തുടങ്ങി​ 350ഓളം ചിത്രങ്ങളിൽ വേഷമിട്ടു. ‘കൂടോത്രം’ ആണ്​ അവസാന ചിത്രം. ഹാസ്യരസ പ്രധാനമായ വേഷങ്ങളായിരുന്നു കൂടുതലും. എങ്കിലും കാരക്ടർ വേഷങ്ങളിലൂം അദ്ദേഹം അദ്​ഭുതകരമായ പ്രകടനം കാഴ്ചവെച്ചു. 

Post a Comment

Previous Post Next Post