ടെലഗ്രാമിന് ജൂൺ 22 വരെ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി.

നീറ്റ് യു.ജി പുനഃപരീക്ഷയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിനായി ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻ.ടി.എ) ശിപാർശയെ തുടർന്ന് കേന്ദ്രസർക്കാർ മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാമിന് ജൂൺ 22 വരെ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. പരീക്ഷാ തട്ടിപ്പുകളുമായി ബന്ധപ്പെട്ട 127ലധികം സംശയാസ്പദ ചാനലുകൾ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

വാട്സ്ആപ്, ഫേസ്ബുക് തുടങ്ങിയ മറ്റ് മെസേജിങ് പ്ലാറ്റ്ഫോമുകൾ ഉണ്ടെങ്കിലും ടെലഗ്രാമിന് മാത്രമാണ് നിലവിൽ താൽക്കാലിക നിയന്ത്രണം ബാധകം. ടെലഗ്രാം ചാനലുകളിലൂടെയാണ് നീറ്റ് പരീക്ഷാ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട വ്യാപക തട്ടിപ്പുകൾ നടക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.  ചില ടെലഗ്രാം ചാനലുകൾ പരീക്ഷാ ചോദ്യപേപ്പറുകൾ ചോർന്നതായി അവകാശപ്പെട്ട് വിദ്യാർഥികളിൽ നിന്ന് വലിയ തുക ഈടാക്കുകയും വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു.

 ചോദ്യപേപ്പർ വിൽപ്പനയുടെ പേരിൽ ടെലഗ്രാം കേന്ദ്രീകരിച്ച് പ്രവർത്തിച്ച സംഘടിത തട്ടിപ്പ് ശൃംഖലകളെക്കുറിച്ചും അന്വേഷണത്തിൽ സൂചനകൾ ലഭിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു.   നീറ്റ് യു.ജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയിരുന്നു. ജൂൺ 21ന് പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചതോടെ, വ്യാജ ചോദ്യപേപ്പറുകളും തെറ്റായ വിവരങ്ങളും വ്യാപകമായി പ്രചരിക്കാൻ ടെലഗ്രാം ഉപയോഗിക്കപ്പെടുന്നുവെന്ന ആശങ്കകൾ വീണ്ടും ഉയർന്നതോടെയാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. 

നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ എന്ന് അവകാശപ്പെടുന്ന വ്യാജ പ്രചാരണങ്ങളും സജീവമായിരുന്നു.   നേരത്തേ, വിദ്യാഭ്യാസ മന്ത്രാലയവും എൻ.ടി.എയും വ്യാജ ടെലഗ്രാം ചാനലുകൾക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയിരുന്നു. ടെലഗ്രാമിലെ സന്ദേശങ്ങൾ പിന്നീട് എഡിറ്റ് ചെയ്യാൻ കഴിയുന്ന ഫീച്ചർ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർന്നതിന്റെ വ്യാജ ‘തെളിവുകൾ’ സൃഷ്ടിക്കപ്പെട്ടതായും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചില ടെലഗ്രാം ഫീച്ചറുകൾ ജൂൺ 30 വരെ നിയന്ത്രിക്കാനുള്ള തീരുമാനം.   


Post a Comment

Previous Post Next Post