'വലിച്ചെറിയരുത് എന്ന തിരിച്ചറിവാണ് മാറ്റം' ക്യാമ്പയിന് തുടക്കം.

പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന ശീലം മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ശുചിത്വ മിഷനും കോഴിക്കോട് കോര്‍പ്പറേഷനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാഷണല്‍ സര്‍വീസ് സ്‌കീമും ചേര്‍ന്ന് മലബാര്‍ ഗോള്‍ഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'വലിച്ചെറിയരുത് എന്ന തിരിച്ചറിവാണ് മാറ്റം' ബോധവത്കരണ ക്യാമ്പയിന് തുടക്കമായി. കോര്‍പ്പറേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഒ സദാശിവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ. ഫൈസല്‍ ബാബു എം.എല്‍.എ മുഖ്യാതിഥിയായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ രാജീവ് അധ്യക്ഷനായി. 

റിട്ട. ഐ.എ.എസ് ഓഫീസര്‍ യു വി ജോസ്, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്‍ കെ ഹരീഷ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. വി വിജയകുമാര്‍, മലബാര്‍ ഗോള്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ കെ നിഷാദ്, ഹെല്‍ത്ത് ഓഫീസര്‍ ഡോ. മുനവര്‍ റഹ്‌മാന്‍, എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, ശുചിത്വ മിഷന്‍ അസി. കോഓഡിനേറ്റര്‍ സി കെ സരിത്ത്, പ്രോഗ്രാം ഓഫീസര്‍ ഒ ജോതിഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ആദ്യഘട്ടത്തില്‍ കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ചാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക. പൊതുജനങ്ങള്‍ കൂടുതല്‍ എത്തുന്ന ഒഴിവുദിവസങ്ങളില്‍ 15-20 വളണ്ടിയര്‍മാരെ ബീച്ചില്‍ നിയോഗിക്കുകയും വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബോധവത്കരിക്കുകയും ചെയ്യും. ബീച്ചിലെ എല്ലാ കടകള്‍ക്ക് മുന്നിലും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന രീതിയില്‍ ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. ബിന്നുകള്‍ കൂടുതല്‍ ആവശ്യമുള്ള ഇടങ്ങളില്‍ അവ സ്ഥാപിക്കാന്‍ നടപടിയെടുക്കും. മാലിന്യം കൃത്യമായി ബിന്നില്‍ നിക്ഷേപിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക സമ്മാനങ്ങള്‍ നല്‍കുകയും ഇവ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യും.

ക്യാമ്പയിനിന്റെ ഭാഗമായി എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ സഹായത്തോടെ മെഗാ ക്ലീനിങ് ഡ്രൈവുകളും സംഘടിപ്പിക്കും. വിവിധ ദിവസങ്ങളിലായി കലാപരിപാടികള്‍, ബീച്ചിലെത്തുന്നവരോട് നേരിട്ട് സംവദിച്ച് ചെറിയ മത്സര പരിപാടികള്‍ എന്നിവയും ഒരുക്കും. വലിച്ചെറിയലിന്റെ കാരണങ്ങളെക്കുറിച്ച് കൃത്യമായ പഠനം നടത്തി ഇതിന്റെ അടിസ്ഥാനത്തില്‍ വിപുലമായ രണ്ടാംഘട്ട ക്യാമ്പയിന്‍ ആസൂത്രണം ചെയ്യും.

Post a Comment

Previous Post Next Post