കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിൽ തിങ്കളാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ഒമ്പതു മണിയോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും.
140 റിട്ടേണിങ് ഓഫീസർമാരും 1340 അഡീഷണൽ റിട്ടേണിങ് ഓഫീസർമാരും 4208 സൂക്ഷ്മനിരീക്ഷകരും 4208 കൗണ്ടിങ് സൂപ്പർവൈസർമാരും 5563 കൗണ്ടിങ് അസിസ്റ്റൻഡുമാരും ഉൾപ്പെടെ ആകെ 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിന്റെ ഭാഗമാകുന്നത്. പോസ്റ്റൽ ബാലറ്റുകൾ മുതൽ എണ്ണി തുടങ്ങുന്ന ഫലപ്രഖ്യാപനം എങ്ങനെയാണെന്ന് അറിയാം.
പോളിങ് സാമഗ്രികൾ സൂക്ഷിച്ച സ്ട്രോങ് റൂമുകൾ സ്ഥാനാർഥികളുടേയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ രാവിലെ ഏഴോടെ തുറക്കും. തത്സമയ വീഡിയോ റെക്കോർഡിങ് ഉണ്ടാകും.
പോസ്റ്റൽ ബാലറ്റുകളാണ് ആദ്യമെണ്ണുക. 500 പോസ്റ്റൽ ബാലറ്റിന് ഒന്നെന്ന ക്രമത്തിൽ പ്രത്യേകം കൗണ്ടിങ് ടേബിളുകളും ഓരോന്നിനും അസി. റിട്ടേണിങ് ഓഫീസറെയും ക്രമീകരിക്കും.
പോസ്റ്റൽ വോട്ടുകൾ ഇല്ലാത്ത മണ്ഡലങ്ങളിൽ എട്ട് മണിക്ക് തന്നെ ഇവിഎം (ഇലക്ട്രോണിക് വോട്ടിങ് മെഷീൻ) എണ്ണിത്തുടങ്ങും. അല്ലാത്തയിടങ്ങളിൽ എട്ടരയോടെയാണ് ഇവിഎം എണ്ണിത്തുടങ്ങുക. ഇവിഎമ്മിൽ ഒരു റൗണ്ടിൽ പരമാവധി 14 ബൂത്തുകളിലെ വോട്ടുകളെണ്ണും. അതിനായി ഓരോ കേന്ദ്രത്തിലും 14 കൗണ്ടിങ് മേശകൾ ക്രമീകരിക്കും.
ഇവിമ്മിൽ ബൂത്തിൽ പോൾ ചെയ്ത വോട്ടുകളുടെയും എണ്ണത്തിൽ വ്യത്യാസമുണ്ടെന്നുകണ്ടാൽ വിവി പാറ്റ് സ്ലിപ്പുകൾ എണ്ണും. വിവി പാറ്റ് സ്ലിപ്പുകളിൽ സ്ഥാനാർഥിയുടെ ക്രമനമ്പറും പേരും ചിഹ്നവും ഉൾപ്പെടും. ഇവിഎമ്മിലെ വോട്ടുകളുടെ എണ്ണം പരിശോധിച്ചശേഷം പോളിങ് ദിവസത്തിൽ രേഖപ്പെടുത്തിയ വോട്ടർമാരുടെ വിവരങ്ങൾ പരിശോധിക്കും. ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് ഈ പരിശോധനകൾ നടത്തുക. ഇതുകൂടാതെ ഓരോ മണ്ഡലത്തിലേയും അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് നിർബന്ധമായും എണ്ണും.
വോട്ടെണ്ണൽ ഹാളിനുള്ളിൽ തെരഞ്ഞെടുപ്പ് ഒബ്സർവർക്കും റിട്ടേണിങ് ഓഫീസർക്കും മാത്രമേ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമുള്ളൂ. മറ്റുള്ളവർ പുറത്ത് സജ്ജമാക്കിയിട്ടുള്ള ഡെപ്പോസിറ്റ് യൂണിറ്റിൽ മൊബൈൽ ഫോൺ നിക്ഷേപിക്കണം.
Post a Comment